അനാഥന്‍

Posted: 14/06/2011 in Uncategorized
Tags:

അനാഥന്‍ എത്ര ഭാഗ്യവാനാണ് !

അവന്റെ പേരിന്റെയൊപ്പം സഹതാപത്തിന്റെ നേര്‍ത്ത ഒരു ചുവ നമ്മുടെ നാക്കിലെപ്പൊഴുമൂറുന്നുണ്ട്.  അച്ഛനാരാ അമ്മയാരാ എന്ന ചോദ്യങ്ങള്‍ വിടാതെ പിന്തുടരുന്നുണ്ടെങ്കിലും  ആ വാക്ക് ഇന്നുമൊരു തെറിയായി മാറിയിട്ടില്ല.  YOU ORPHAN എന്ന് അവന്റെ വംശവൃക്ഷത്തിന്റെ തായ് വേരില്‍ അധികമാരും ആഞ്ഞുകൊത്തില്ല. അനാഥച്ചെക്കന്‍ എന്ന് നമ്മുടെ നാവില്‍ നിറയുന്ന പുച്ഛം ഒരു സഹതാപത്തിന്റെ മുന്നോടിയാവാറാണ് പതിവ്.

എടാ തന്തയില്ലാത്തവനേ

നീയിതൊക്കെക്കേട്ട് ലജ്ജിക്കണം. ഒന്നുമില്ലെങ്കില്‍ നിനക്ക് ചൂണ്ടിക്കാട്ടാന്‍ ഒരു അമ്മയുണ്ടല്ലോ . ഒരു അനാഥനോളം മോശക്കാരനല്ല നീ.

തന്തയില്ലാത്തവനല്ല അവന്‍, കന്യക പെറ്റ പുത്രന്‍ അല്ലെങ്കില്‍ സഹജമായ യൗവനപ്പൂളപ്പില്‍ നിന്നുണ്ടായ വീര്യവാന്‍. എങ്കിലും ഇന്ന് ലോകത്തെ മേല്‍ക്കിടത്തെറികളിലൊന്ന്. അവന് മണ്ണിനടിയില്‍ തായ് വേരുകള്‍ മാത്രമേയുള്ളൂ. അവന്റെ വംശത്തില്‍ തായ് വഴികളേയുള്ളൂ. അവന് തായ് ഒരു സത്യവും തന്ത ഒരു ചോദ്യവുമാണ്. എല്ലാ അപേക്ഷാഫോറങ്ങളിലും അവന് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളൂണ്ട് .

തന്ത നമുക്ക് വെറുമൊരു തന്ത മാത്രമല്ല. നമ്മുടെ അന്നദാതാവ് കൂടിയാണ് അയാള്‍. നമുക്കാവശ്യമായ വിഭവങ്ങളാല്‍ നമ്മെ ലാളിക്കുന്ന ഒരാള്‍. കൂടുതല്‍ കൂടുതല്‍ മുതിരുന്തോറും നമുക്ക് തീര്‍ത്തും ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തു. നാം തെറ്റാതെ പാലിക്കുന്ന ഒരു (അ)ക്രമം . അതിന്റെ മാനദണ്ഡം .

കാര്യങ്ങള്‍ അങ്ങനെയായിരിക്കെ തന്തയില്ലാത്തവന്‍ എന്ന ലേബല്‍ ഒരു അപമാനമല്ലാതെ മറ്റെന്താവാന്‍ ?

എങ്കിലും സ്ത്രീകള്‍ ലൈംഗികതയുടെ അധികാരികളായിരിക്കുകയും യോജിച്ച പുരുഷന്മാരെ സ്വയം തെരഞ്ഞെടുത്ത് യഥേഷ്ടം ജീവിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ഇത്തരം  പിതൃശൂന്യപരാമര്‍ശങ്ങള്‍ക്ക് എന്താണ് വില ?

ഇനി നിങ്ങള്‍ പറയൂ