ആ ശ്രീകൃഷ്ണപ്പരുന്ത്

Posted: 26/06/2011 in Literature
Tags: , ,

ഉയരം കൂടിയ ശരീരം, മുഷിഞ്ഞ ഉടയാടകള്‍, ആര്‍ക്കും വെറുപ്പുളവാക്കുന്ന സമ്പ്രദായം, കഠോരഹൃദയം, ഭയാനകനേത്രങ്ങള്‍, ചഞ്ചലമനസ്സ്, വിയര്‍ത്ത ശരീരം, വിശന്ന ഭാവം, കറുത്തനിറം, അഴിഞ്ഞ മുടി എന്നിവയോടുകൂടിയ ധൂമാവതിയെ ധ്യാനിക്കുന്നു.

പത്തോ പതിനഞ്ചോ കൊല്ലം മുമ്പ് സ്ത്രീ എന്ന മെഗാപരമ്പര ഓരോ സ്ത്രീകളേയും കീഴടക്കുന്നതിനു മുമ്പ് നമ്മുടെ “മ”വാരികകളൂടെ സുവര്‍ണകാലമായിരുന്നു. മംഗളം, മനോരമ, മനോരാജ്യം എന്നിങ്ങനെ തലയെടുപ്പുള്ള ഗിരിരാജാ കോഴികളെപ്പോലെ അവ വീട്ടിനുള്ളില്‍ സ്വതന്ത്രമായി മേഞ്ഞുനടന്നു. അക്കാലം തന്നെയായിരുന്നു പൈങ്കിളി എന്നു പലരും ആക്ഷേപിക്കുന്ന ഇത്തരം നോവലുകളുടെയും പൂക്കാലം. ഒരുപാട് പേരില്‍ വായനാശീലമുണ്ടാക്കാന്‍ ഈ പാടുന്ന പൈങ്കിളികള്‍ സഹായിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. ആ വാരികകളില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ച ഒരു നോവലാണ് ഞാന്‍ കഴിഞ്ഞ ദിവസം വീണ്ടൂം വായിച്ചുനിര്‍ത്തിയ കൃഷ്ണപ്പരുന്ത്. നോവലുകള്‍ക്ക് പലപല തരംതിരിവുകള്‍ നാം  നല്‍കിയിട്ടുണ്ടല്ലോ, ചരിത്രനോവല്‍ , ആധുനിക നോവല്‍, ഡിറ്റക്ടീവ് നോവല്‍ എന്നിങ്ങനെ. അതില്‍ വളരെ രസകരവും ജനപ്രിയവുമായ മാന്ത്രികനോവല്‍ എന്ന ഒരു തരം തിരിവ് അവകാശപ്പെടാവുന്ന ഒന്നാണിത്. ഈ നോവലിനെ അതിന്റെ സിനിമാരൂപത്തിലൂടെയായിരിക്കും ചിലര്‍ക്ക് കൂടുതല്‍ പരിചയം. മോഹന്‍ ലാല്‍ നായകനായ ആ സിനിമയുടെ പേര് ശ്രീകൃഷ്ണപ്പരുന്ത് എന്നായിരുന്നു. (ഒരു കാലത്ത് പേടിപ്പിച്ചിരുന്ന ആ പടം ഇന്നാരെയും ഭയപ്പെടുത്തില്ല).

ഗരുഡാരാധകനും മന്ത്രവാദിയും സര്‍വോപരി വിഷഹാരിയുമായ കളരിക്കല്‍ തറവാട്ടിലെ പപ്പുത്തമ്പി മരണമടുത്തപ്പോള്‍ തന്റെ പിന്‍ഗാമിയായി കണ്ടത് മരുമകനായ കുമാരനെയാണ്. നിത്യബ്രഹ്മചാരിയായിരിക്കേണ്ട മാന്ത്രികസ്ഥാനത്തേയ്ക്ക് വിഷയാസക്തനും താന്തോന്നിയുമായ കുമാരനെ തെരഞ്ഞെടുത്തത് തറവാട്ടംഗങ്ങളില്‍ എതിര്‍പ്പുണ്ടാക്കി. പക്ഷേ മന്ത്രസിദ്ധിനേടിയ കുമാരന്‍ അല്‍പകാലത്തോടെ കരുത്തനായ മന്ത്രവാദിയായി മാറുകയും ബ്രഹ്മചാരിയായിത്തന്നെ തുടരുകയും ചെയ്യുന്നു. കഥയിലെ ചെറുകിട വില്ലനായ ചൂരക്കാട്ടുഭട്ടത്തിരിയുടെ ദുര്‍മന്ത്രവാദത്തെ കുമാരന്‍ കീഴടക്കുന്നു. ഭട്ടത്തിരിയുടെ ഉപാസനാമൂര്‍തികളായ ധൂമാവതിയും വടയക്ഷിയും കുമാരന്റെ ദേവീപ്രീതിക്കുമുന്നില്‍ ചകിതരാവുന്നു. പഴയ ബന്ധങ്ങളോര്‍മിച്ച് കുമാരന്റെ അടുത്തേയ്ക്ക് വന്ന സ്ത്രീകള്‍ അനുഭവിച്ചത് ഗരുഡന്റെയും ഹനുമാന്റെയും ആക്രമണങ്ങളായിരുന്നു.

എന്നാല്‍ മന്ത്രവാദകാലം ആരംഭിച്ചതുമുതല്‍ തന്നെ കുമാരന്റെ പഴയകാലത്തിന്റെ അവശിഷ്ടങ്ങള്‍ അയാലെ പിന്തുടര്‍ന്നിരുന്നു. വിഷഹാരികളുടെ തറവാട്ടിലെ വാല്യക്കാരിയായിരിക്കെ സര്‍പദംശമേറ്റുമരിച്ച ഒരു യുവതിയുടെ മരണാനന്തരപ്പിറവിയായ യക്ഷി കുമാരനോടുള്ള ഒടുങ്ങാത്ത പ്രേമവുമായി അയാളെ പിന്തുടര്‍ന്നു. ( അതുതന്നെ, നിലാവിന്റെ പൂങ്കാവില്‍ നിശാപുഷ്പഗന്ധം കിനാവിന്റെ തേന്മാവില്‍ രാപ്പാടി പാടി..കുമാരേട്ടാ.. എന്റെ കുമാരേട്ടാ... എന്ന പാട്ടും പാടി അയാളെ പിന്തുടരുന്ന യക്ഷി തന്നെ. സിനിമയിലെ യക്ഷികള്‍ക്ക് ഉടയാടകളുണ്ട് , നോവലില്‍ അതില്ല. അത്രേയുള്ളൂ വ്യത്യാസം ). കഥ പുരോഗമിക്കുമ്പോള്‍ കുമാരന്‍ എന്ന വ്യക്തി നിയന്ത്രണമില്ലാത്ത മാരകേളിയില്‍ നിന്നും ബ്രഹ്മചര്യത്തിലേയ്ക്കും അവിടെ നിന്നും വീണ്ടും മാരകേളികളിലേയ്ക്കും യക്ഷീഭോഗത്തിലേയ്ക്കും പിന്നീട് ഷണ്ഡത്വത്തിലേയ്ക്കും ചെന്നെത്തുന്നു. കുമാരന്‍ എന്ന മന്ത്രവാദിയുടെ അജ്ഞതയില്‍ നിന്നാരംഭിച്ച യാത്ര സന്മന്ത്രവാദത്തിലും സിദ്ധീലോപത്തീലും പിന്നീട് ദുര്‍മന്ത്രവാദത്തിലും അഗ്നിദഹനത്തിലും ചെന്നെത്തുന്നു.

നോവലിസ്റ്റായ പി.വി.തമ്പി നീണ്ടകാലത്തെ അധ്വാനത്തിനു ശേഷമാണ് ഈ നോവല്‍ എഴുതാന്‍ തുടങ്ങിയത്. മന്ത്രവാദത്തെ സംബന്ധിക്കുന്ന ഒരു നോവലാവുമ്പോള്‍ മന്ത്രവാദരീതികള്‍, അതിനുപയോഗിക്കുന്ന മന്ത്രങ്ങള്‍, സേവാമൂര്‍ത്തികള്‍ എന്നിങ്ങനെയുള്ള വിവിധവിഷയങ്ങളില്‍ കാര്യമായ അറിവുകളാവശ്യമാണ്. ഇല്ലെങ്കില്‍ കടമറ്റത്തുകത്തനാരുടെ സീരിയലുകള്‍ പോലെയാവും നോവല്‍ . ഗരുഡന്‍, ഹനുമാന്‍, വാര്‍ത്താളി, വടയക്ഷി, ധൂമാവതി മുതലായ ദേവതകളെ അവതരിപ്പിക്കാന്‍ തമ്പിക്കായി.  എന്നാല്‍ വളരെ ശക്തമായ ഒരു ദുരന്തകഥാപാത്രമായി ശോഭിക്കേണ്ടിയിരുന്ന കുമാരനെ വേണ്ടത്ര നന്നായി അവതരിപ്പിക്കുന്ന കാര്യത്തില്‍ നോവലിസ്റ്റ് പരാജയപ്പെട്ടു എന്ന് പറയാതെ വയ്യ.. മുകളില്‍ ധൂമാവതിയെ ധ്യാനിച്ച് ചേര്‍ത്തതുള്‍പ്പെടെയുള്ള ധ്യാനശ്ലോകങ്ങള്‍, പൂജാവിധികള്‍, മന്ത്രവാദകര്‍മങ്ങള്‍ മുതലായവ അവതരിപ്പിക്കുമ്പോള്‍ ഉള്ള ഒരു കൈത്തഴക്കവും നോവലിസ്റ്റ് കഥാവതരണത്തില്‍ കാണിക്കുന്നില്ലെന്നത് ദുഃഖകരമാണ്. കുമാരന്‍ എന്ന കഥാപാത്രത്തിന്റെ വീക്ഷണകോണില്‍ കൂടി മാത്രം കഥ അവതരിപ്പിച്ചിരുന്നെങ്കില്‍ ഈ നോവല്‍ കൂടുതല്‍ നന്നായിരുന്നേനെ.

ഒരുപക്ഷേ മന്ത്രവാദിയുടെ കഥയേക്കാള്‍ അദ്ദേഹം പ്രാധാന്യം നല്‍കിയത് ആ മാന്ത്രികകാലഘട്ടത്തെ അവതരിപ്പിക്കുന്നതിനാകാം. അല്ലെങ്കില്‍ അങ്ങനെ ചെയ്താല്‍ ഓരോ അധ്യായമായി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവശ്യം വേണ്ടതായ ആകാംക്ഷ നഷ്ടമായേയ്ക്കുമെന്നതിനാലാവാം. ചിലപ്പോള്‍ സാധാരണക്കാരായ വായനക്കാര്‍ക്ക് വേണ്ടിയാണ് എന്നതിനാലുമാവാം നോവലിസ്റ്റ് വെറും കഥപറച്ചില്‍ രീതി സ്വീകരിച്ചത്. .  ഘടനയിലോ കഥ പറയുന്ന രീതിയിലോ ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത കൃഷ്ണപ്പരുന്ത് എന്ന നോവലും അതിന്റെ ശ്രീകൃഷ്ണപ്പരുന്ത് എന്നചലച്ചിത്രരൂപവും വന്‍വിജയമാക്കിത്തീര്‍ത്തത് സാധാരണ ആസ്വാദകര്‍ തന്നെയാണ്.

ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ഈ നോവലിന്റെ വില 140 രൂപയാണ്. എന്നിട്ടും കണ്ടപാടെ ഞാനിത് വാങ്ങി. കാരണം എനിക്കീ നോവല്‍ ഇഷ്ടമാണ്. അന്ധവിശ്വാസമെന്ന തിരിച്ചറിവോടെത്തന്നെ പഴയൊരു കാലത്തെ ഒരു വിഭാഗം ജനങ്ങളുടെ കഥയായി ഈ നോവല്‍ വായിക്കുക….

Advertisements
Comments
 1. Jijo Tomy says:

  നന്നായിരിക്കുന്നു. മനോരാജ്യത്തിൽ (അതോ മനോരമയിലോ?) ഇത് ഖണ്ഡശ്ശ വായിച്ച് ആസ്വദിച്ചവനാണ് ഈയുള്ളവൻ. അത് സിനിമയായപ്പോൾ തിയറ്ററിൽ പോയി കാണുകയും ചെയ്തു. രണ്ടും ഇഷ്ടപ്പെട്ടു (കുറേ ഉറക്കം നഷ്ടപ്പെടുകയും ചെയ്തു കേട്ടാ).

  ഈ ചെറിയ റിവ്യൂവിന് നന്ദി!

  • മനോരാജ്യത്തിലാണ് ഈ നോവല്‍ വന്നിരുന്നത്. ഞാനത് അന്ന് വായിച്ചിട്ടില്ല. അതിനു ശേഷം വന്ന പള്ളിവേട്ട ഞാന്‍ മെനക്കെട്ടിരുന്ന് വായിച്ചതായി ഓര്‍ക്കുന്നു. ഒരു എല്‍.പി. സ്കൂള്‍ വിദ്യാര്‍ഥി വീട്ടുകാരുടെ കണ്ണുവെട്ടിച്ച് മനോരമ വായിക്കാന്‍ അന്ന് സാമാന്യം ബുദ്ധിമുട്ടിയിരുന്നു. പഴയ മന്ത്രങ്ങള്‍ കൊണ്ടും ആള്‍ക്കാരെ വശീകരിക്കാനുള്ള നഗ്നമായ തന്ത്രങ്ങള്‍ കൊണ്ടും 🙂 🙂 :)കൂടുതല്‍ സമ്പന്നം പള്ളിവേട്ടയാണ്. എന്നാല്‍ കുമാരന്റെ പത്തിലൊന്ന് മിഴിവുപോലും പള്ളിവേട്ടയിലെ നായകന് ഇല്ല. വന്നതിനും കമന്റിയതിനും നന്ദി.

 2. സിനിമ കണ്ടിട്ടുണ്ട് , നോവല്‍ വായിച്ചിട്ടില്ല. 🙂

  • വായിച്ചോളൂ, നോവലുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്നത്തെ നമ്മുടെ നിലവാരം വെച്ച് പ്രത്യേകിച്ചും സിനിമ ശുഷ്കമാണ്. കമന്റിനു നന്ദി.

 3. manoraj says:

  ഈ സിനിമ ഒട്ടേറെ വട്ടം കണ്ടിട്ടുണ്ട്. എന്തുകൊണ്ടോ നോവല്‍ വായിച്ചിട്ടില്ല.

  അരുണ്‍,
  ഈ പുസ്തകപരിചയം പുസ്തകവിചാരം ഗ്രൂപ്പ് ബ്ലോഗിലേക്ക് ഉള്‍പ്പെടുത്തുന്നതില്‍ വിരോധമുണ്ടോ ? http://malayalambookreview.blogspot.com/ ഉള്‍പ്പെടുത്താമെങ്കില്‍ ദയവായി ഒരു മെയില്‍ വഴി അറിയിക്കുക..

 4. manoraj says:

  ട്രാക്ക്

 5. മനോരാജ് , മറുപടി വൈകിയതിനു ക്ഷമിക്കുക , താങ്കള്‍ക്ക് ഈ ലേഖനം പുസ്തകപരിചയത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇതു മാത്രമല്ല ഈ ബ്ലോഗില്‍ ഇനി പോസ്റ്റ് ചെയ്യുന്ന വായനാനുഭവങ്ങള്‍, അവ യോഗ്യമെങ്കില്‍ താങ്കള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇനി മറുപടി വൈകിച്ചതിന്റെ കാരണം കൂടി പറയാ. മേല്‍ എഴുതിയത് ഇത്തിരികൂടി വലുതാക്കണമെന്ന് തോന്നി. പക്ഷേ മറ്റു തിരക്കുകള്‍ മൂലം കഷ്ടം, അതു നടന്നില്ല.

 6. Anonymous says:

  നോവലിന്റെ ഒരു പതിപ്പ് തരാൻ സാധിക്കുമോ

ഇനി നിങ്ങള്‍ പറയൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s