നൃഗകഥ : ഒരു ബ്രാഹ്മണശാപകഥ

Posted: 08/07/2011 in Literature
Tags: , , ,

ഞാന്‍ കേട്ട ശാപകഥകളില്‍ വെച്ച് ഏറ്റവും ദുഃഖകരമായ ഒന്നാണ് നൃഗന്റെ കഥ.

ഇക്ഷ്വാകുവിന്റെ അനിയനായ ഈ രാജാവ് ഒരിക്കല്‍ പുഷ്കരം എന്ന തടാകത്തിന്റെ കരയില്‍ വെച്ച് ആയിരം പശുക്കളെ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യാനൊരുങ്ങി. തടാകക്കരയില്‍ ദാനം സ്വീകരിക്കാനായി ബ്രാഹ്മണരും തിങ്ങിനിറഞ്ഞു. അനാരതന്‍ എന്ന ബ്രാഹ്മണന്‍ തനിക്ക് ദാനം കിട്ടിയ പശുവിനെ അല്‍പമകലെ ഒരു മരത്തില്‍ കെട്ടിനിര്‍ത്തി എന്തിനോ കാട്ടിലേയ്ക്ക് പോയി. കെട്ടഴിഞ്ഞ പശുവിനെന്തറിയാം ? ജീവനില്‍ കൊതിയോടെ അത് തടാകക്കരയിലെ പശുക്കൂട്ടത്തിലേയ്ക്ക് കയറിനിന്നു. നൂറുകണക്കിന് പശുക്കള്‍ അലഞ്ഞുനടക്കുന്ന തടാകക്കരയില്‍ ആരും ഇതത്ര ശ്രദ്ധിച്ചില്ല. അനാരതന്‍ എന്ന മറ്റൊരു ബ്രാഹ്മണന് രാജാവ് ദാനം ചെയ്തത് ഈ പശുവിനെത്തന്നെയായിരുന്നു.

തന്റെ പശുവിനെക്കാണാതെ തിരഞ്ഞ പര്‍വതന്‍ കോപാകുലനായി അങ്ങുമിങ്ങും നടക്കെ അനാരതന്‍ ഒരു പശുവിന്റെ കയറും പിടിച്ച് വരുന്നത് കണ്ടു. പശുവില്‍ താന്‍ നോക്കിവെച്ച അടയാളങ്ങളൊക്കെ ഒത്തിരിക്കുന്നു. പശുവിനെയും കൊണ്ട് പോവുന്ന അനാരതനെ പര്‍വതന്‍ തടഞ്ഞു. പശുവിന്റെ ഉടമസ്ഥതയെച്ചൊല്ലി അവര്‍ തമ്മില്‍ പൊരിഞ്ഞ വഴക്കായി. ഒടുവില്‍ പ്രശ്നം രാജാവിന്റെ മുന്നിലെത്തി.

ഒരേ പശുവിനെ താന്‍ രണ്ടു  തവണ ദാനം ചെയ്തു എന്നറിഞ്ഞ രാജാവും വിഷണ്ണനായി. പശുവിനെ പര്‍വതന് കൊടുക്കാനും പകരം മറ്റൊരു പശുവിനെ ദാനമായി സ്വീകരിക്കാനുമുള്ള രാജനിര്‍ദേശം അനാരതന്‍ കൈക്കൊണ്ടില്ല. അദ്ദേഹത്തിനു യുക്തമായ പരിഹാരമൊന്നും നിര്‍ദേശിക്കാനില്ലെന്ന് കണ്ട പര്‍വതന്റെ കോപം ക്രമേണ രാജാവിന്റെ നേര്‍ക്ക് തിരിഞ്ഞു. രാജാവ് തനിക്ക് ദാനം ചെയ്ത പശു ബ്രാഹ്മണസ്വത്താണെന്നും രാജാവ് ബ്രഹ്മസ്വം കവര്‍ന്നെടുക്കാന്‍ നോക്കുകയാണെന്നും മറ്റുമായി അയാളുടെ ആരോപണങ്ങള്‍. പശുവിനെ വിട്ടുകൊടുക്കുന്നയാള്‍ക്ക് കൊമ്പിലും കുളമ്പിലും പൊന്നണിയിച്ച് മറ്റൊരു പശുവിനെ നല്‍കാമെന്ന രാജാവിന്റെ നിര്‍ദേശവും ഇരുവരും അവഗണിച്ചു.

ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ച് കുന്തിച്ച ബ്രഹ്മാവും തനിക്കൊവ്വാ എന്ന് വിശ്വസിക്കുന്ന ഈ ഇരട്ടബ്രാഹ്മണര്‍ അഹംഭാവത്തിന്റെ ദുര്‍മൂര്‍തികളായിരുന്നു. ഒരു തര്‍ക്കത്തിന്റെ കുരുക്കഴിക്കാന്‍ അവര്‍ ചെയ്ത ഒരേ ഒരു കാര്യം  താന്താങ്ങളുടെ വശം പിടിച്ച് ബലത്തില്‍ വലിക്കുക മാത്രമാണ്. കൃഷ്ണഗാഥയില്‍ ഈ സന്ദര്‍ഭം ഇങ്ങനെയാണ് വിവരിച്ചിട്ടുള്ളത്

………………….

മുമ്പില്‍ നിന്നാരണരോട് ചൊന്നാന്‍

മുപ്പതിനായിരം നല്‍പശു നല്‍കുവേന്‍

ഇപ്പശു തന്നെയയക്കേണമേ

അപ്പൊഴുതാരണര്‍ ചൊല്ലിനാനിങ്ങനെ

ഇപ്പശുവെന്നിയേ വേറെവേണ്ട

ഒടുവില്‍ ബ്രാഹ്മണശാപത്താല്‍ രാജാവ് ആയിരം കൊല്ലം ഒരു പൊട്ടക്കിണറ്റില്‍ ഓന്തായിക്കിടന്ന് നരകിച്ചു.

ഭാഗവതം ദശമസ്കന്ദത്തിലാണ് ഈ നൃഗകഥ ഉള്ളത്. ആയിരം കൊല്ലത്തെ നരകയാതനയ്ക്ക് ശേഷം ശാപമോക്ഷം കിട്ടിവരുന്ന രാജാവ് ദ്വാരകയിലെ രാജാവായ ബലരാമന്റെ അനുജന്‍ കൃഷ്ണനെ കണ്ടുമുട്ടുന്നു. തന്റെ കഥ നൃഗന്‍ കൃഷ്ണനുമായി പങ്കുവെയ്ക്കുന്നു. ദൈവത്തിന്റെ പൂര്‍ണാവതാരമായ യാദവകൃഷ്ണന്‍ ഈ കഥ സ്വന്തം മക്കളെ അറിയിക്കുകയും ബ്രാഹ്മണസ്വത്ത് അപഹരിച്ചാല്‍ ഇങ്ങനെയാണ് ഫലമെന്ന് അവരെ താക്കീതുചെയ്യുകയും ചെയ്യുന്നു. പ്രത്യക്ഷത്തില്‍ ബ്രാഹ്മണഭക്തിവളര്‍ത്തുന്നതിന് ഭാഗവതകാരന്‍ ഈ സന്ദര്‍ഭം നന്നായി ഉപയോഗിച്ചിരികുന്നു എന്നുകാണാം. കൃഷ്ണന്റെ (ബ്രാഹ്മണന്റെ) താക്കീതുകള്‍ ഇപ്രകാരമാണ്.

ബ്രഹ്മാണ്ഡമെല്ലാം ദഹിച്ചീടുന്നു പവനനും 

ബ്രഹ്മസ്വമെന്നുള്ളത് ദഹിക്കയില്ലാതാനും 

വഹ്നിക്കു ദഹിക്കരുതാത്തവസ്തുവാമത്

മന്നവന്മാര്‍ക്കുപാര്‍ത്താല്‍ ഗ്രഹിച്ചുകൂടീടുമോ

ബ്രഹ്മസ്വമെന്നുള്ളത്  സകലത്തിലും മീതെ

ബ്രഹ്മസ്വമെന്നുള്ളത് വിഷത്തിന്‍ വിഷമല്ലോ

ബ്രഹ്മന്നുപോലുമതിനില്ലല്ലോ പ്രതിക്രിയ !!!

ബ്രഹ്മസ്വമായ വഹ്നി വന്നിഹ പിടിച്ചീടില്‍

ഉന്മൂലനാശം വരുമില്ല സംശയമേതും

ഗ്രന്‍ഥകാരന്റെ ഉദ്ദേശം വളരെ വ്യക്തമാണ്. വായനക്കാരില്‍ ബ്രാഹ്മണഭക്തി വളര്‍തുന്നതിന് അദ്ദേഹം ആവശ്യത്തിന് ശ്രമിക്കുന്നുണ്ട്. അതിനായി രാജക്കന്മാരില്‍ ബ്രാഹ്മണപ്പേടി വളര്‍തുന്നതിനു കെട്ടിച്ചമച്ച നൃഗകഥയെ നന്നായി ഉപയോഗിച്ചിരിക്കുന്നു. ബലശാലികളായ രാജാക്കന്മാരില്‍ നിന്നും താന്താങ്ങളുടെ സമ്പത്ത് സംരക്ഷിക്കുന്നതിനും കഴിയുമെങ്കില്‍ അവരില്‍ നിന്നും സ്വത്ത് തട്ടിയെടുക്കുന്നതിനും ബ്രാഹ്മണര്‍ കാര്യമായി ശ്രമിച്ചിട്ടുണ്ട്. മന്ത്രങ്ങള്‍ കൈവശമുള്ള താന്താങ്ങള്‍ ത്രിമൂര്‍തികള്‍ക്കും മീതെയാണെന്ന് ബ്രാഹ്മണര്‍ അപരനെ ഭീഷണിപ്പെടുത്തി. ബ്രാഹ്മണശാപം ഹേതുവായിട്ട് ദോഷം വരുമെന്ന് അവരുടെ ഹൃദയത്തില്‍ ഭയം നിറച്ചു. പടയാളികളുടെ ചോരയിലും തൊഴിലാളികളുടെ വിയര്‍പ്പിലും വേവിച്ചെടുത്ത ഭക്ഷണം അവനാവോളം ആസ്വദിക്കുന്നുണ്ട്. അന്യന്‍ വെയര്‍ത്ത കാശോണ്ട് അപ്പോം വീഞ്ഞും കഴിച്ച് കോണ്ടാസേലും ബെന്‍സേലും മലര്‍ന്നുകിടന്ന് ഉറങ്ങുമ്പോഴും അവന്‍ പടവാളുകളെ പേടിസ്വപ്നം കണ്ടു. പിറ്റേന്നിറങ്ങുന്ന പത്രത്തില്‍ തന്നെ അവന്‍ ആ പഴയവീഞ്ഞ്, മൂന്നുലോകവും ദേവകള്‍ക്ക് അധീനമാണ്, ദേവകള്‍ മന്ത്രത്തിനധീനമാണ്, മന്ത്രം ബ്രാഹ്മണര്‍ക്ക് അധീനമാണെന്ന പഴയ വീഞ്ഞ് വെണ്ടക്കാവലുപ്പത്തില്‍ കൊടുപ്പിച്ചു.

(മധ്യേഷ്യയില്‍ നിന്നും വന്ന കുതിരപ്പടയാളികള്‍ക്കും കടല്‍ കടന്നുവന്ന പിച്ചളമനുഷ്യര്‍ക്കും മുന്നില്‍ ഈ ബ്രഹ്മണതന്ത്രം വിലപ്പോയില്ല. അവര്‍ക്ക് അവരുടേതായ (അ)ബ്രാഹ്മണഗുരുക്കന്മാര്‍ ഉണ്ടായിരുന്നു.തേക്കിന്‍കാട് വെട്ടിനിരത്താന്‍ വന്ന ശക്തന്‍ തമ്പുരാനെ പാറമേക്കാവിലെ വെളിച്ചപ്പാട് തടഞ്ഞു. ഇതെന്റെ അച്ഛന്റെ ജടയാണ്, ഇതിങ്ങനെ വെട്ടിക്കളയാന്‍ പറ്റില്ല എന്നായിരുന്നത്രെ വെളിച്ചപ്പാടിന്റെ വാദംടിപ്പുസുല്‍ത്താന്‍ വന്ന് ബിംബം വലിച്ച് പുറത്തിട്ടപ്പോള്‍ നീയും നിന്റെ അച്ഛനും എവിടെയായിരുന്നു എന്ന ശക്തന്റെ ചോദ്യത്തിനു മുന്നില്‍ വെളിച്ചപ്പാടിന്റെ ഉത്തരം മുട്ടിപ്പോയി.)

തുള്ളല്‍ക്കഥകളുടെ ആചാര്യനായ കുഞ്ചന്‍ നമ്പ്യാര്‍ കൊല്ലവര്‍ഷം 880 മുതല്‍ 945 വരെയാണ് ജീവിച്ചിരുന്നത്. വാക്കിന്റെ മൂര്‍ച്ച ജനങ്ങളെ നല്ലവണ്ണം അറിയിച്ച ആ കവി ബ്രാഹ്മണചാപല്യങ്ങള്‍ തെളിവൊടും മിഴിവോടും കൂടി പലകഥകളിലും വര്‍ണിച്ചിട്ടുമുണ്ട്. ദേവനാരായണന്മാരുടെ ആശ്രിതനായിരുന്നതിനാലോ, മുമ്പ് കളിയാക്കിയതിനൊരു പ്രായച്ഛിത്തമെന്ന നിലയിലോ അതോ ഇനി കളിയാക്കാന്‍ പോവുന്നതിനൊരു മുന്‍കൂര്‍ ജാമ്യമെന്ന നിലയിലോ എന്തോ നൃഗമോക്ഷം പറയന്‍ തുള്ളലില്‍ ബ്രാഹ്മണഭക്തി നിറഞ്ഞുതുളുമ്പുന്നു.

പര്‍വതന്‍ നൃഗനോട് കയര്‍ക്കുന്നത് നോക്കുക

നമ്മുടെ ഗോവിനെ മറ്റൊരു വിപ്രനു

സമ്മാനമായിക്കൊടുത്തതു നന്നെടോ

ദത്താപഹാരമെന്നുള്ളൊരു പാപത്തിനു

ത്തരമില്ലെന്നറിഞ്ഞുകൊള്‍കാ ഭവാന്‍

ഇനി അനാരതന്റെ വഹ

തന്നതങ്ങോട്ട് തരികയില്ലേഷ ഞാന്‍

ബ്രഹ്മസ്വഗോവിനെപ്പിന്നെക്കൊതികുന്ന

ജിഹ്മസ്വഭാവം ചിതമല്ല മന്നവാ

പര്‍വതന്റെ ഭീഷണി

പത്തുലക്ഷം  പശുദ്ദാനങ്ങള്‍ ചെയ്കിലും 

പത്തുനൂറമ്പലം  ചെമ്പിടീച്ചെങ്കിലും 

പത്തായിരം  കുളം കെട്ടിപ്പടുക്കിലും 

ഛത്രവസ്ത്രാദിദാനങ്ങള്‍ ചെയ്തെങ്കിലും 

പന്ധാവുതോറും നടക്കവുവെപ്പിച്ചു

സത്രങ്ങള്‍ നീളെത്തുടങ്ങിച്ചുവെങ്കിലും 

വിപ്രനോടപ്രിയം ചെയ്യുന്ന പൂരുഷന്‍

ക്ഷിപ്രം നശിക്കുമെന്നോര്‍ത്തുകൊള്‍ക ഭവാന്‍

ഇനി സാക്ഷാല്‍ കൃഷ്ണന്റെ ഉപദേശം കൂടി കേള്‍ക്കാം

ദേവേന്ദ്രനായതും ദേവകളായതും

ദേവാരിവൈരിയാം ദേവേശനായതും

മുക്കണ്ണനായതും നാന്മുഖനായതും

അര്‍ക്കചന്ദ്രാദി ഗ്രഹങ്ങളായുള്ളതും 

ഒക്കവേ ഭൂസുരശ്രേഷ്ഠനെന്നുള്ളതെന്‍

മക്കളേ നിങ്ങള്‍ ധരിക്കണാമാദരാല്‍.

അപ്പോ അങ്ങിനെയാണ് കാര്യങ്ങള്‍. ഈ മതനേതാക്കന്മാരുടെ വഹയാണ് ലോകം മുഴുവന്‍. ബ്രഹ്മസ്വമായ യാതൊന്നും യാതൊരു കാരണത്താലും നാം കൈവെയ്കാന്‍ പാടില്ല, നൃഗകഥ ഒരു ദുരന്തകഥയാണ്. ഈ കഥ നാമിന്ന് വായിക്കുമ്പോള്‍ ബ്രാഹ്മണര്‍ ഇത്രയും അപകടകാരികളാണോ എന്ന സംശയം  വരാം . പക്ഷേ ഈ കഥയിലെ ബ്രാഹ്മണന്‍ ഒരു പ്രത്യേകജാതി മാത്രമായി ഇന്ന് കാണാനാവില്ല.  മതത്തിന്റെയും ദൈവത്തിന്റെയും മൊത്തക്കച്ചവടക്കാര്‍ എന്ന അര്‍ഥം നമ്മളാ വാക്കിന് കൊടുക്കേണ്ടതുണ്ട്. ഭരണകൂടങ്ങളുടെ മേല്‍ മതനിന്ദാക്കുറ്റം ചുമത്തി രാജ്യം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ദാനമായി സ്വീകരിച്ച് തൊട്ടടുത്ത നിമിഷം തന്നെ അവ ബ്രഹ്മസ്വമാണെന്ന് അവകാശപ്പെടുന്ന, ആരാധനാലയങ്ങള്‍ ഒരു എംബസി പോലെ രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യമാണെന്ന് കരുതുന്ന അഭിനവ ബ്രാഹ്മണ സമൂഹത്തെ മെരുക്കാന്‍ ഇനിയാരാണുള്ളത് !

Advertisements
Comments
  1. നൃഗകഥ ഇന്നു വായിക്കുമ്പോള്‍ ശരിക്കും ദുഃഖം തോന്നുന്നു. അങ്ങനെ എഴുതിത്തുടങ്ങിയതാണ്. എന്തും ദാനമായി വാങ്ങാന്‍ ആര്‍ത്തിയോടെ കാത്തുനില്‍ക്കുകയും തൊട്ടടുത്ത നിമിഷം അവ സ്വകാര്യസ്വത്താണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന മതസമൂഹങ്ങളെ , അഭിനവബ്രാഹ്മണരെപ്പറ്റി ഓര്‍ത്തപ്പോള്‍ വിഷയം അല്‍പം വഴിതെറ്റിയോ എന്നും സംശയം

  2. Excellent write-up.. this is so true >>>പക്ഷേ ഈ കഥയിലെ ബ്രാഹ്മണന്‍ ഒരു പ്രത്യേകജാതി മാത്രമായി ഇന്ന് കാണാനാവില്ല. മതത്തിന്റെയും ദൈവത്തിന്റെയും മൊത്തക്കച്ചവടക്കാര്‍ എന്ന അര്‍ഥം നമ്മളാ വാക്കിന് കൊടുക്കേണ്ടതുണ്ട്. ഭരണകൂടങ്ങളുടെ മേല്‍ മതനിന്ദാക്കുറ്റം ചുമത്തി രാജ്യം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ദാനമായി സ്വീകരിച്ച് തൊട്ടടുത്ത നിമിഷം തന്നെ അവ ബ്രഹ്മസ്വമാണെന്ന് അവകാശപ്പെടുന്ന, ആരാധനാലയങ്ങള്‍ ഒരു എംബസി പോലെ രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യമാണെന്ന് കരുതുന്ന അഭിനവ ബ്രാഹ്മണ സമൂഹത്തെ മെരുക്കാന്‍ ഇനിയാരാണുള്ളത് <<<

ഇനി നിങ്ങള്‍ പറയൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s