തിരുവനന്തപുരത്തെ ഒരു വൈകുന്നേരം .

Posted: 25/03/2013 in Literature, Travelouge
Tags: , , , , , , , ,

അത്യാവശ്യമായ ചില ഔദ്യോഗികകാര്യങ്ങള്‍ക്കായി ഈയടുത്ത ദിവസം എനിക്കും കൂട്ടുകാരിക്കും തിരുവനന്തപുരത്ത് പോവേണ്ടിവന്നു. ആദ്യമായിട്ടാണ് ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച് ഇവിടേയ്ക്ക് വരുന്നത്. നട്ടുച്ചയായപ്പോഴേയ്ക്കും ചെയ്യാനുള്ള പണികളൊക്കെ തീര്‍ന്നതിനാല്‍ രാത്രിവണ്ടി പുറപ്പെടുന്ന സമയം വരെ ആ നഗരത്തില്‍ ചുറ്റിക്കറങ്ങാന്‍ കഴിഞ്ഞു. അങ്ങനെ നഗരത്തിലെ രണ്ട് ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒരോട്ടപ്രദക്ഷിണം നടത്താനും പറ്റി.

12.00 മണിയോടെയാണ് എവിടേയ്ക്ക് പോവണമെന്ന് ഞങ്ങളാലോചിക്കാന്‍ തുടങ്ങിയത് തന്നെ. പത്മനാഭസ്വാമിക്ഷേത്രത്തിലേയ്ക്കാവാം യാത്രയെന്ന് തോന്നിയതുകൊണ്ട് നേരെ കിഴക്കേക്കോട്ടയ്ക്കുള്ള ഒരു ബസ്സില്‍ കയറിക്കൂടി. ബസ്സിറങ്ങി നേരെ നോക്കുമ്പോള്‍ വലിയൊരു കവാടം. കോട്ടയാണത്രെ. കവാടത്തിന്റെ അപ്പുറത്ത് നിറയെ കച്ചവടക്കാര്‍. കായവറുത്തത് വില്‍ക്കുന്ന ഒരു പീടികയ്ക്ക് മുന്നില്‍ ശ്രീ ഗുരുവായൂരപ്പന്‍ ചൂട് വറ്റല്‍ എന്ന്‍ ബോര്‍ഡെഴുതിവച്ചിരിക്കുന്നത് കണ്ണില്‍പ്പെട്ടു. ഗുരുവായൂരപ്പന്റെ ചൂട് വറ്റുന്നു എന്ന് പറയാന്‍ ഇവനാര്. ബ്ലഡി ശപ്പന്‍സ്. ശകലം നിധി കയ്യില്‍ വന്നതിന്റെ അഹങ്കാരം !!!

പത്മനാഭസ്വാമി ക്ഷേത്രം

പത്മനാഭസ്വാമി ക്ഷേത്രം കിഴക്കേ ഗോപുരം

കവാടത്തിനപ്പുറമുള്ള റോഡില്‍ നിന്ന് നേരെ നോക്കുമ്പോള്‍ കാണാം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം. വഴിയുടെ വലതുവശത്ത് പത്മതീര്‍ഥക്കുളം. ഇടതുഭാഗത്ത് കച്ചവടക്കാരുടെ നീണ്ട നിരയാണ്. ക്ഷേത്രത്തില്‍ കുന്നുകൂടിയിരിക്കുന്ന പണം ശ്രദ്ധയില്‍പ്പെട്ടതിനുശേഷം സുരക്ഷാപ്രശ്നങ്ങളാല്‍ കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് തോന്നുന്നു. ഇത്രയും കാലം ക്ഷേത്രസുരക്ഷയ്ക്ക് കച്ചവടക്കാര്‍ വഹിച്ച പങ്കിനെപ്പറ്റി മതിലെഴുത്തുകള്‍ തെളിഞ്ഞുകണ്ടു. ഈ പീടികനിരകള്‍ക്കിടയില്‍ എവിടെയോ ആണ് സ്വാതിതിരുനാള്‍ പണികഴിപ്പിച്ച കുതിരമാളികയുള്ളത് എന്നെനിക്ക് അറിയാമായിരുന്നു. ഒടുവില്‍ പത്മതീര്‍ഥത്തിന്റെ വക്കത്തുള്ള ക്ലോക്റുമിന്റെ എതിരെ മൂന്നടി വീതിയിലുള്ള ഒരു ഇടവഴിയില്‍ മാളികയിലേയ്ക്കുള്ള പ്രവേശനഭാഗം കാണാന്‍ പറ്റി. സമയം പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു. പന്ത്രണ്ടേമുക്കാല്‍ വരെ മാത്രമേ അകത്തേക്ക് പ്രവേശനമുള്ളൂ.

ചിത്രത്തിന്റെ വലതുഭാഗത്ത് പുത്തന്‍ മാളികയിലേയ്ക്കുള്ള പ്രവേശനഭാഗം അടയാളപ്പെടുത്തിയിരിക്കുന്നു. അമ്പലത്തിനു മുന്നിലെ തെരുവ്. പശ്ചാത്തലത്തില്‍ കിഴക്കേക്കോട്ട

ചിത്രത്തിന്റെ വലതുഭാഗത്ത് പുത്തന്‍ മാളികയിലേയ്ക്കുള്ള പ്രവേശനഭാഗം അടയാളപ്പെടുത്തിയിരിക്കുന്നു. അമ്പലത്തിനു മുന്നിലെ തെരുവ്. പശ്ചാത്തലത്തില്‍ കിഴക്കേക്കോട്ട

15 രൂപയുടെ രണ്ട് റ്റിക്കറ്റ് എടുത്ത് ഞങ്ങള്‍ അകത്തേയ്ക്ക് കടന്നു. ഇടവഴി പോലെയുള്ള ഒരു വഴിയില്‍ കൂടി അല്‍പം നടന്നപ്പോള്‍ സ്വാതി പണി കഴിപ്പിച്ച  ഇരുനിലമാളികയുടെ പൂമുഖത്തെത്തി. ചെരിപ്പുകള്‍ അവിടെ അഴിച്ചുവെച്ചിട്ടുവേണം അകത്തേയ്ക്ക് കടക്കാന്‍. പത്തിരുപത് കൊല്ലം മുമ്പ് ഇവിടെ ആദ്യമെത്തിയപ്പോള്‍ പൂമുഖത്തെ ഈ കറുത്ത നിലത്തിന് ഇപ്പോഴത്തേതിലും തണുപ്പും മിനുപ്പും ഉണ്ടായിരുന്നെന്ന് തോന്നി. സന്ദര്‍ശകര്‍ പത്ത് പതിനഞ്ച് പേരായപ്പോള്‍ ഒരു ഗൈഡിനോടൊപ്പം ഞങ്ങളെ അകത്തേയ്ക്ക് കടത്തിവിട്ടു. ഈ മാളിക ഇപ്പോളും പഴയ നാടുവാഴികളുടെ പിന്മുറക്കാരുടെ കയ്യിലാണ്. സര്‍കാര്‍ ഇത് ഏറ്റെടുത്തിട്ടില്ല. ഉള്ളിലെ എണ്‍പത് മുറികളില്‍ ഇരുപതെണ്ണം മാത്രമേ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുള്ളൂ എന്നാണറിവ്.

ഏതൊരു പഴയകാല കേരളീയ ഗൃഹങ്ങളെയും പോലെ ഈ മാളികയുടെ നിര്‍മാണത്തിനും പ്രധാനമായും കല്ലും മരവും തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കരിങ്കല്ലുകൊണ്ടുള്ള തൂണുകള്‍ ചിലയിടത്തുണ്ട്. പക്ഷേ പ്രധാന ആകര്‍ഷണം മരപ്പണികളാണ്. മച്ചിലും കഴുക്കോലിലും കിളിവാതിലുകളിലും ചാരുപടികളിലും ആ വൈദഗ്ധ്യം തെളിഞ്ഞുകാണാം. കഴുക്കോലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മരം കൊണ്ടുള്ള അണ്ണാനിണകള്‍, അപ്പുറത്ത് തൂങ്ങിപ്പിടിച്ചു നില്‍ക്കുന്ന അണ്ണാന്‍കുട്ടി, തല കിഴുക്കാംതൂക്ക് നിന്ന് കായ്കള്‍ നുണയുന്ന തത്തകള്‍, തലയെടുപ്പുള്ള കുഞ്ഞുകുഞ്ഞ് ആനകള്‍, സിംഹത്തിന്റെ ശരീരവും കൊമ്പനാനയുടെ മുഖവുമുള്ള ജീവിയായ വ്യാളികള്‍ എന്നിവയൊക്കെ തട്ടിലും ഉത്തരത്തിലും കഴുക്കോലിലുമായി അഴകോടെയിരിക്കുന്നു. മാളികയുടെ ഉള്ളില്‍ ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുകയാണ്.

കുതിരമാളിക. ചിത്രത്തിന് മലയാളം വിക്കി പീഡിയയ്ക്ക് കടപ്പാട്

കുതിരമാളിക. ചിത്രത്തിന് മലയാളം വിക്കി പീഡിയയ്ക്ക് കടപ്പാട്

മാളികയുടെ ഉള്ളറകള്‍ ഒരു മ്യൂസിയം പോലെ ക്രമീകരിച്ചിട്ടുണ്ട്. കേറിച്ചെല്ലുന്നത് കഥകളി രൂപങ്ങള്‍ ക്രമീകരിച്ച ഒരു വലിയ തളത്തിലേയ്ക്കാണ്. പിന്നീട് പല ഭാഗത്തായി സ്വാതിതിരുനാളുമായും നാടുവാഴിവംശവുമായും ബന്ധപ്പെട്ട കുറച്ച് ശേഷിപ്പുകള്‍. നടുമുറ്റത്തിനു ചുറ്റും വലം വെയ്ക്കുമ്പോള്‍ നാടുവാഴികളുടെ സ്ഫടികസിംഹാസനവും ദന്തസിംഹാസനവും മുന്നിലെത്തുന്നു.  സ്വാതിതിരുനാളിനും മറ്റും ലഭിച്ച പല ചൈനീസ്, ഇറ്റാലിയന്‍ കരകൗശലവസ്തുക്കളും അവിടെയുണ്ട്. കളരിപ്പയറ്റിലെ ആയുധങ്ങളും വാളുകളും തോക്കുകളും മറ്റുമാണ് വേറൊരു ഭാഗത്ത്. സ്വാതി തിരുനാളിന്റെ സ്വന്തം സംഗീതോപകരണങ്ങളും അവിടെ കാണാം. ഒരു ചുവര്‍ച്ചിത്രം പോലും ഇല്ലെന്നത് ശ്രദ്ധിക്കേണ്ട സംഗതിയാണ്.

രണ്ടാം നിലയിലെ ഒരു നീണ്ട ഇടനാഴിയും പഴയകാല ബാല്‍ക്കണിയും അനുകരിക്കേണ്ടതാണ്. ചാരുപടികള്‍ക്കു പുറമെയുള്ള നൂറ്റിരുപതോളം കഴുക്കോലുകളില്‍ കാണുന്ന കുതിരകളാണ് ഈ കെട്ടിടത്തിന് കുതിരമാളിക എന്ന ചെല്ലപ്പേര് സമ്മാനിച്ചത്. കൊട്ടാരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് രണ്ടാം നിലയിലെ ഒരു ബാല്‍കണിയിലാണ് വിദ്വ‌‌ല്‍സദസ്സ് കൂടിയിരുന്ന ഇടം. ഇവിടെ നിന്നും നാലടി ഉയരത്തില്‍ ഉയര്‍ത്തിക്കെട്ടിയ ഒരു തറയില്‍ കയറിനിന്ന് നോക്കിയാല്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ ഏതാണ്ട് അഞ്ഞൂറടി മാത്രമകലെ പത്മനാഭക്ഷേത്രം കാണാം. ഈ മാളികയില്‍ നിന്നും അമ്പലത്തിലേയ്ക്ക് കൃത്രിമഗുഹാമാര്‍ഗം ഉണ്ടായിരുന്നെന്നും അതിപ്പോള്‍ അടഞ്ഞുപോയെന്നും അറിയാന്‍ കഴിഞ്ഞു. ഇവിടത്തെയീ പടിക്കെട്ടിന്റെ ഇരുവശത്തുമാണ് മനോഹരമായ ഒരു രൂപം കൊത്തിവെച്ചിട്ടുള്ളത്. മയിലിന്റെ ശരീരവും ചൈനീസ് ഡ്രാഗണിന്റെ മുഖവുമുള്ള ഈ ജീവി കലാകാരന്റെ ഭാവനയുടെ സ്വന്തമാണ്.

കൊട്ടാരത്തിലേയ്ക്ക് കടക്കണമെങ്കില്‍ അവരുടെ ഔദ്യോഗിക ഗൈഡിനോടൊപ്പമേ അനുവദിക്കൂ എന്നൊരു നിയമമുണ്ട്. തുടക്കത്തില്‍ നിശ്ചിത ഫീസ് പറയാതിരിക്കുന്ന ഈ ഗൈഡുകള്‍ അവസാനം സേവനം തൃപ്തികരമെങ്കില്‍ …… എന്ന് പറഞ്ഞ് അര്‍ധവിരാമത്തില്‍ നിര്‍ത്തുന്നുമുണ്ട്. ഞങ്ങള്‍ക്ക് കിട്ടിയ ഗൈഡ് ഒരു സംഭവമായിരുന്നു. നമ്മുടെ വ്യാളികളെ ചൈനീസ് ഡ്രാഗണ്‍ എന്ന് തെറ്റായിട്ടാണ് വിവരണത്തിലുടനീളം അവര്‍ പറഞ്ഞിരുന്നത്. കേരളത്തിന്റെ തലസ്ഥാനത്തുള്ള ഒരു പുരാവസ്തുസൂക്ഷിപ്പിലെ ഗൈഡായ അവര്‍ ഇംഗ്ലീഷും ഹിന്ദിയും തമിഴും കെട്ടേ കരടേ എന്ന് പറഞ്ഞ് മൊഴിയുമ്പോഴും ഞങ്ങളുള്‍പെടെ ആറുപേര്‍ അക്കൂട്ടത്തില്‍ മലയാളികളായിരുന്നിട്ടും ഒറ്റ വാക്ക് പോലും മലയാളം പറഞ്ഞില്ല എന്നത് ശ്രദ്ധേയമായിരുന്നു. .  ശ്രീപത്മനാ”FA” ദാസന്മാരെന്ന വാക്ക് കേട്ടപ്പോള്‍ തന്നെ ചിരി വന്നുവെന്നത് മറ്റൊരു കാര്യം.  കൊട്ടാരം തെക്കോട്ട് മുഖമായതിനാലുള്ള വാസ്തുദോഷത്താല്‍ താമസമാക്കി ഒരു കൊല്ലത്തിനുള്ളില്‍ത്തന്നെ സ്വാതി മരിച്ചുവെന്ന് കൂടി പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ക്കും അവര്‍ക്കും സന്തോഷമായി.

കുതിരമാളികയില്‍ നിന്നും പുറത്തേയ്ക്ക് കടന്നപ്പോള്‍ സമയം ഒന്നര.  അമ്പലം അടച്ചിരിക്കുന്നു. ഇനി വൈകുന്നേരം അഞ്ചുമണിക്കേ തുറക്കൂ എന്നറിയാന്‍ കഴിഞ്ഞു. ഗോപുരം പുറമേ നിന്ന് നോക്കിയും ഉത്സവക്കാലത്തെ പഞ്ചപാണ്ഡവപ്രതിമകളുടെ ഫോട്ടോയെടുത്തും വഴിവക്കിലെ ചായക്കടയില്‍ നിന്ന് വിശപ്പാറ്റിയും അല്‍പനേരം അവിടെ. തുടര്‍ന്ന് കോവളത്തേക്കുള്ള ബസ്സില്‍ കയറിയിരുന്നു.  കിഴക്കേക്കോട്ടയില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമുണ്ട് കോവളത്തേയ്ക്ക്. അരമണിക്കൂറുകൊണ്ട് ബസ് കോവളത്തെത്തി. ഒട്ടും സമയം കളയാതെ ഞങ്ങള്‍ ഹവ്വാബീച്ചിലേയ്ക്ക് ഉള്ള ഇറക്കം നിറഞ്ഞ വഴിയിലേയ്ക്ക് നടന്നു. വെയില്‍ ശരിക്കും അസഹ്യമായതിനാല്‍ വഴിയരുക്കില്‍ നിന്ന് ഓരോ തൊപ്പി വാങ്ങി തലയിലിട്ടു. ബര്‍മുഡ വേണോ എന്നതാണ് അടുത്ത ചോദ്യം. ചമ്മലോടെ വേണ്ടെന്ന് ഞങ്ങള്‍. കടല്‍ക്കുളി കാണാന്‍ വരുന്നവരാണല്ലോ ബഹുമാന്യ മലയാളികള്‍.

1-DSC02477

കോവളത്തെ ഹവ്വാബീച്ച്.

ഇന്ത്യയിലെ ഏക ടോപ്‌‌ലെസ് ബീച്ച് ആയിരുന്നത്രെ ഒരുകാലത്ത് കോവളത്തിലെ ഹവ്വാബീച്ച്. ഏതായാലും ഇപ്പോള്‍ മാറ് മറയ്ക്കാത്ത കടല്‍ക്കുളി നിയമവിരുദ്ധമാണ്. ഉച്ചനേരമായതിനാല്‍ നാട്ടുകാരായ സന്ദര്‍ശകര്‍ കുറവാണ്. വൃത്തിയുള്ള ബീച്ച്. നീലനിറത്തിലുള്ള തിരകള്‍. നല്ല വെയിലും. അല്‍പനേരം തീരത്ത് സംശയിച്ചുനിന്ന ശേഷം ജീന്‍സും ടീഷര്‍ട്ടും ഊരി തോര്‍ത്തുടുത്ത് ഞാന്‍ കുളിക്കാനിറങ്ങി. നട്ടുച്ചയ്ക്ക് അമ്പലക്കുളത്തില്‍ കുത്തിമറിഞ്ഞിരുന്ന രംഗങ്ങള്‍ ഓര്‍മവന്നു. ചുട്ടുപൊള്ളുന്ന വെയിലത്ത് തന്നെയാണ് വെള്ളത്തിന്റെ ഇളം തണുപ്പ് അറിയേണ്ടത്. ചവിട്ടുനാടകം എന്ന് കേട്ടാല്‍ കാറല്‍മാന്‍ എന്ന് പറയുമെന്ന്  ഗോതുരുത്തിലെ ഞൊണ്ടനച്ചന്‍ സന്ത്യാഗുവിനെ കുറ്റപ്പെടുത്തുന്നതുപോലെ കോവളമെന്നു കേട്ടാല്‍ മദാമ്മ എന്നാണല്ലോ പലരുടെയും മനസ്സില്‍ ഓര്‍മവരുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം വിദേശികളുടെ കൂട്ടത്തില്‍ റൂബെന്‍സിന്റെ മാതൃകകളെപ്പോലെ കോര്‍ബെയുടെ മാതൃകകളും ധാരാളമുണ്ടെന്നതാണ്. ശരീരത്തിന്റെ സൗന്ദര്യമോ വൈരൂപ്യമോ അവര്‍ക്ക് ബാധകമല്ലെന്ന് തോന്നുന്നു. ഇന്ത്യക്കാരായ സന്ദര്‍ശകരും ബീച്ചില്‍ ഉണ്ടായിരുന്നെങ്കിലും പരിസരത്തെ അവഗണിച്ച സ്ത്രീകളുടെ കൂട്ടത്തില്‍ വിദേശികളേ ഉള്ളൂ എന്നുപറയേണ്ടതുണ്ട്. എന്റെ കൂട്ടുകാരിയടക്കം മിക്കവരും മുട്ടോളം വെള്ളത്തില്‍ നിന്ന് കളിക്കുകയാണ്. അവര്‍ കൂടി കടലിലിറങ്ങി കുളിക്കാത്ത പക്ഷം ഞാനീ കുത്തിമറിയുന്നതില്‍ അര്‍ഥമൊന്നുമില്ലെന്ന്  വിഷമത്തോടെ ഓര്‍ത്തു. ടൂപീസ് ബിക്കിനിയൊന്നുമല്ലെങ്കിലും  ടീഷര്‍ട്ടും ബര്‍മുഡയും ധരിച്ച് നമ്മുടെ സ്ത്രീകളും കടലില്‍ ഇറങ്ങണം,. അതിനവരെ നാം ധൈര്യപ്പെടുത്തണം. അല്ലാത്തപക്ഷം വലതുഭാഗം കുളിക്കുകയും ഇടതുഭാഗം  വിയര്‍ക്കുകയും ചെയ്യുന്ന അര്‍ധനാരീശ്വരന്മാരായി നാം മാറും.

1-DSC02488

ലൈറ്റ് ഹൌസ് ബീച്ച്

കുളി ക്ഷണത്തിലവസാനിപ്പിച്ച് ജീന്‍സും ഷര്‍ട്ടുമിട്ട് ഞാന്‍ പിന്നെയും നടക്കാന്‍ തയ്യാറായി. ഹവാബീച്ചിന്റെ തെക്കേഭാഗത്ത് സ്പീഡ്ബോട്ടുകള്‍ നിര്‍ത്തിയിരിക്കുന്നു. സ്പീഡ് ബോട്ടില്‍ ഒരു സവാരി എന്ന പരസ്യവുമായി കുളിക്കാത്ത കുടുംബങ്ങളെ നോക്കി ആള്‍ക്കാര്‍ വരുന്നു. പോരെങ്കില്‍ ശരീരം നനയില്ലെന്ന വാഗ്ദാനവും. പോരേ പൂരം. രണ്ടാള്‍ക്ക് മൂന്ന് ബീച്ചുകള്‍ മാത്രം ചുറ്റി മടങ്ങിവരാന്‍ 400 രൂപയാണെന്ന് മനസ്സിലായി. കൂടുതല്‍ ദൂരം പോവാന്‍ ഇരട്ടിതുകയും. തല്‍ക്കാലം കേറുന്നില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. സ്പ്പീഡ് ബോട്ടുകള്‍ക്ക് ഇടയില്‍ കൂടി ഹവ്വാബീച്ചിന്റെ അതിര് കടന്നപ്പോള്‍ അവിടെ ലൈറ്റ് ഹൗസ് ബീച്ച് കണ്ടു. ഈ ബീച്ചില്‍ കക്കകള്‍ കൂടുതലായി അടിയുന്നുണ്ടെന്ന് നടക്കുമ്പോള്‍  തോന്നി. നാലുമണിയായതുകൊണ്ട് ബീച്ചില്‍ നിന്നും ഓരോ സര്‍വത്ത് കുടിച്ച് (ആദ്യം തന്നെ വില ചോദിക്കാന്‍ മറന്നില്ല കേട്ടോ 🙂 പത്തുരൂപ തന്നെയേ ഉള്ളൂ.)  ഞങ്ങള്‍ വീണ്ടും കിഴക്കേകോട്ടയിലേയ്ക്ക് മടങ്ങി.

640px-Thiruvanthapuram_Temple_Entrance

വ്യാളികള്‍ കാവല്‍ നില്‍ക്കുന്ന ഗോപുരവാതില്‍. ചിത്രത്തിന് മലയാളം വിക്കിപീഡിയയ്ക്ക് കടപ്പാട്

പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഗോപുരങ്ങളും മറ്റും തമിഴ് ശൈലിയിലാണെങ്കിലും ആചാരങ്ങള്‍ കടുകട്ടി മലയാളം, അതും വടക്കന്‍ കേരളത്തിലെപ്പോലെ കര്‍ശനമായ മട്ടിലാണ്. ഷര്‍ട്ടും ജീന്‍സും ഊരി ഒരു മുണ്ട് ചുറ്റി ഞാനും ചുരിദാറിന്റെ മുകളില്‍ ഒരു മുണ്ടുടുത്ത് കൂട്ടുകാരിയും അകത്തേയ്ക്ക് കടന്നു. ക്യാമറ, മൊബൈല്‍, നനഞ്ഞ തുണികള്‍ തുടങ്ങി എല്ലാം ക്ലോക് റൂമില്‍ ഏല്‍പിക്കേണ്ടിവന്നു. ഇവിടെ ഫോട്ടോഗ്രാഫി എന്ന് പറയാനേ പാടില്ല. അഞ്ചോ ആറോ കൊല്ലം മുമ്പ് മൊബൈലുകള്‍ അകത്തേയ്ക്ക് കൊണ്ടുപോവാന്‍ അനുവദിച്ചിരുന്ന സമയത്ത് മൊബൈലില്‍ ഫോട്ടോ എടുത്തതിന് ഒരു പയ്യനെ എല്ലാവരും കൂടി പിടിച്ച രംഗം എനിക്ക് ഓര്‍മവന്നു. ഉത്സവക്കാലമായതിനാല്‍ അകത്ത് തിരക്ക് കൂടുതലാണ്. മൂന്ന് പല്ലക്കുകളിലായി ദേവീദേവന്മാരെ എഴുന്നള്ളിക്കുകയാണ്. എല്ലാം ഒരു തമിഴ് മട്ട്.  പിടിയാനപ്പുറത്ത് പെരുമ്പറയും ഇലത്താളവും കൊട്ടി പ്രദക്ഷിണവഴിയില്‍ കൂടി വരുന്നു. ഒപ്പം ആര്‍പ്പുവിളിയോടെ കുട്ടികളും. പിന്നാലെ പുതിയ ചൂലെടുത്ത് പത്ത് പന്ത്രണ്ട് സ്ത്രീകളും. ഒടുവില്‍ ആലവട്ടം പോലുള്ള രാജ ചിഹ്നങ്ങള്‍. ഏതോ എഴുന്നെള്ളിപ്പിന് വഴിയൊരുക്കുകയാണ്.

പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ പാണ്ഡവരൂപം.

പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ പാണ്ഡവരൂപം.

ഞങ്ങള്‍ പ്രദക്ഷിണവഴികളില്‍ കൂടി അലസമായി കുറേ നടന്നു. ഓരോ തൂണിലും ഓരോ സ്ത്രീശില്‍പമുണ്ട്. അവരുടെ നിവര്‍ത്തിപ്പിടിച്ച കൈകളിലാണ് എണ്ണയൊഴിച്ച് തിരി കത്തിക്കുക. വിളക്കുപിടിച്ച സ്ത്രീകള്‍ക്ക് പുറമേ ഓരോ തൂണിലും വേറെയും നിരവധി ശില്‍പങ്ങളുണ്ട്. രണ്ട് മാസം മുമ്പ് ഞങ്ങള്‍ നടത്തിയ ഖജുരാഹോ യാത്ര ഓര്‍മവന്നു. അത്രയ്ക്ക് മനോഹരങ്ങളല്ല ഇവിടത്തെ ശില്‍പങ്ങള്‍. പക്ഷേ അമ്പലത്തിനകത്ത് കിഴക്കേ നടയിലെ മുഖ്യകവാടത്തില്‍  ശില്‍പങ്ങള്‍ ഗംഭീരങ്ങള്‍ തന്നെയാണ്. ദ്വാരപാലകന്മാരും മുരളീകൃഷ്ണനും നടരാജനും ഒക്കെ ഇവിടെ മനോഹരമായി ഉടലെടുത്തിരിക്കുന്നു. നാലടിയോളം  ഉയരമുള്ള സമ്പൂര്‍ണനഗ്നയായ രണ്ട് സ്ത്രീശില്‍പങ്ങള്‍ കൂടി ഇവിടെയുണ്ട്.  പറയാതിരിക്കാന്‍ വയ്യ. ആലിലവയറും ഉയര്‍ന്ന മുലകളും വിടര്‍ന്ന അരക്കെട്ടും കണ്ടാല്‍ നോക്കിനിന്നുപോവും. മൂന്നാമതും അമ്പലം പ്രദക്ഷിണം ചെയ്ത് വരുമ്പോള്‍ ഉള്ളിലേയ്ക്ക് കടക്കാനുള്ള ക്യൂവിന്റെ നീളം കൂടിക്കൂടി വരുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. നട അടച്ചതാണോ പൂജയാണോ എന്ന് വ്യക്തമാവുന്നില്ല. ഉത്സവമായതിനാല്‍ ഇനിയും അരമണിക്കൂര്‍ വൈകുമെന്ന് മനസ്സിലായപ്പോള്‍ അകത്തേക്ക് കയറേണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നി.

തിരിഞ്ഞ് നടക്കുമ്പോള്‍ കൂട്ടുകാരി വെറുതേ ചോദിച്ചു.

ഇവിടെ എവിടെയാവും നിധി ?

ഞാന്‍ പറഞ്ഞു.

ചിലപ്പോള്‍ ഇവിടെ, ചിലപ്പോള്‍ അവിടെ, ചിലപ്പോള്‍ ഈ നടവഴിയുടെ അടിയില്‍

എന്നിട്ട് ഞങ്ങള്‍ ചിരിക്കാന്‍ തുടങ്ങി.

Advertisements
Comments
 1. Pheonix Man says:

  നല്ല വിവരണം കേട്ടോ..ഇനിയും സ്റ്റോക്ക് ഉണ്ടെങ്കില്‍ പോരട്ടെ. ആശംസകള്‍!

  • arun says:

   നന്ദി ഫിനിക്സ്, രണ്ട് മാസം മുമ്പ് വടക്കോട്ട് ഒന്ന് തെണ്ടാന്‍ പോയതിന്റെ വിവരണം പാതിവഴിയില്‍ കിടപ്പാണ്. ആ വിഷമം കൊണ്ട് കൂടിയാണ് ഈ പാതിയാത്രയുടെ വിവരണം അധികം വൈകാതെ ചേര്‍ത്തത് 🙂

 2. ശ്രീ says:

  നല്ല വിവരണവും ചിത്രങ്ങളും 🙂

 3. Madhusudanan P V says:

  ഈ യാത്രാവിവരണം ഇഷ്ടമായി. അടുത്തതിനായി കാത്തിരിക്കുന്നു. ആശംസകൾ

  • arun says:

   അടുത്ത യാത്രാവിവരണത്തിന്റെ തിരക്കിട്ട തയ്യാറെടുപ്പിലാണ്. ഒരു കഷണം അടുത്ത ഞായറാഴ്ച തീര്‍ക്കും 🙂

   അപ്പോഴും വന്ന് വായിച്ച് അഭിപ്രായം പറയണേ, നന്ദി.

 4. shibu thovala says:

  അരുൺ…. വളരെ നല്ല വിവരണം…. ചിത്രങ്ങളും വളരെ സുന്ദരം… വായിച്ചുവന്നപ്പോൾ അവസാനഭാഗം പെട്ടെന്ന് തീർത്തതുപോലെ ഒരു തോന്നൽ….. 🙂

  • arun says:

   അങ്ങനെ നോക്കുമ്പോള്‍ എനിക്കും തോന്നുന്നു. ഇനി തീവണ്ടിക്ക് സമയമായപ്പോള്‍ യാത്രാവിവരണം മതിയാക്കി ഓടിക്കയറിയതാണോ ഞാന്‍ എന്നാണിപ്പോള്‍ സംശയം.

   എഴുതുമ്പോള്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു അല്ലേ ..

 5. Anonymous says:

  some of the information u gave is new to me even though,i am from tvm.
  good job…..

ഇനി നിങ്ങള്‍ പറയൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s