വടക്കോട്ടൊരു യാത്ര – 1

Posted: 06/04/2013 in Travelouge
Tags: , , , ,

കേരളത്തില്‍ നിന്നും ദല്‍ഹിയിലേയ്ക്കുള്ള ആ എക്സ്‌‌പ്രസ് തന്റെ യാത്രയിലെ രണ്ടാമത്തെ രാത്രിയിലേയ്ക്ക് ഊളിയിടാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ ഓരോരുത്തരായി തണുപ്പകറ്റാന്‍ വേണ്ടി സ്വന്തം ശരീരത്തെ അണിയിച്ചൊരുക്കാന്‍ തുടങ്ങി. സ്വെറ്ററുകളും സോക്സുകളും കമ്പിളികളും ബാഗുകളില്‍ നിന്നും പുറത്തെത്തി.  അവരധികവും ദെല്‍ഹിയിലേയ്ക്കുള്ള സ്ഥിരം യാത്രികരാണെന്ന് തോന്നി. പാതിരയോടെ വണ്ടി ഭോപ്പാല്‍ കടക്കുമെന്നും അതിനുശേഷമാണ് കടുത്ത തണുപ്പ് അനുഭവപ്പെടുകയെന്നും അവര്‍ പറഞ്ഞുകൊണ്ടിരുന്നു.

Chekkans

പുലരിയുടെ ആദ്യയാമങ്ങളില്‍ എല്ലാ ആവരണങ്ങളെയും മറികടന്ന് തണുപ്പ് ഞങ്ങളെ ആക്രമിക്കാന്‍ തുടങ്ങി. കാലുകളാണ് അത് ആദ്യമറിയുക. കാലുകള്‍ തണുത്ത് വിറയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് വടക്കേ ഇന്ത്യയിലെ ശൈത്യത്തെപ്പറ്റി എനിക്ക് ബോധ്യം വന്നത്. വാഷ്ബേസിന്റെ മുന്നില്‍ നിന്ന് മുഖം കഴുകുമ്പോള്‍ പൊള്ളുന്നതുപോലെ  തോന്നി. ഒട്ടും പരിചയമില്ലാത്ത കാലാവസ്ഥ. ആശയും കുട്ടിയും ഇപ്പോഴും പുതപ്പിന്റെ ഇളം ചൂടില്‍ നിന്നും പുറത്തുകടക്കാന്‍ തയ്യാറായില്ല. ആ തണുപ്പത്ത് മഫ്‌‌ളറുമിട്ട് വന്ന ചായക്കാരനില്‍ നിന്നും വാങ്ങിയ ചുടുചായ മൊത്തിക്കുടിച്ച് ഞാന്‍ തണുപ്പ് മെല്ലെ ആസ്വദിക്കാന്‍ തുടങ്ങി.  ധൃതിവെയ്ക്കേണ്ട ഒരു കാര്യവുമില്ല. രാവിലെ എട്ടുമണിയോടെയാണ് ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലത്ത് വണ്ടിയെത്തുകയെന്ന് എനിക്കറിയാമായിരുന്നു.

ഗ്വാളിയോര്‍

സംഗീതവും കൊട്ടാരവും കോട്ടകളും പടുത്തുകെട്ടിയ ഗ്വാളിയോറിലേയ്ക്ക് പോവണമെന്ന് ഞങ്ങള്‍ ഒരുപാട് നാളുകളായി – ആഗ്രഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗ്വാളിയോറില്‍ താമസിക്കുന്ന സുഹൃത്തുക്കളായ വിനോദും സരിതയും ഒരുപാട് തവണ ഞങ്ങളെയങ്ങോട്ട് ക്ഷണിച്ചതുമാണ്. അതുകൊണ്ടുതന്നെ ഒരുയാത്രപോയേ മതിയാവൂ എന്ന് മനസ്സിലുറച്ചപ്പോള്‍ ആദ്യമായും അവസാനമായും ഓര്‍മവന്നത് ഗ്വാളിയറാണ്. തണുപ്പില്‍ നിന്നും മെല്ലെമെല്ലെ വടക്കന്‍ ഭാഗങ്ങള്‍ കുതറിമാറുന്ന ജനുവരിയുടെ രണ്ടാംപകുതിയാണ് യാത്രയ്ക്കായി  ഞങ്ങള്‍ തെരഞ്ഞെടുത്തത്.  ഗ്വാളിയൊറിലെ അവരുടെ വീട്ടില്‍ താമസിച്ച് ദല്‍ഹിയും ആഗ്രയും ഉള്‍പ്പെടെയുള്ള വടക്കന്‍ ഭാഗങ്ങള്‍ കാണണമെന്നതായിരുന്നു ഉദ്ദേശം. പക്ഷേ വ്യക്തമായ പ്ലാനിങ്ങൊന്നും യാത്രയ്ക്ക് ഉണ്ടായിരുന്നതുമില്ല.  ഒപ്പമുള്ള നാലുവയസ്സുകാരന്‍ പുത്രന്റെ ആരോഗ്യമായിരിക്കും യാത്രകളെ നിയന്ത്രിക്കുകയെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നുതാനും.

ഗ്വാളിയോര്‍ റെയില്‍വേ സ്റ്റേഷനില്‍ ഞങ്ങളെത്തിയപ്പോള്‍ നേരം എട്ടര. ഇതിനകം തന്നെ രണ്ടുമൂന്ന് ചായ അകത്താക്കിയിരിക്കുന്നു. സ്റ്റേഷനില്‍ ഞങ്ങളെക്കാത്ത് വിനോദ് നില്‍ക്കുന്നുണ്ട്. അത് നന്നായി. അല്ലെങ്കില്‍ കാലണയുടെ മുറിഹിന്ദിപോലും കയ്യിലില്ലാതെ ഈ മധ്യദേശത്തു വന്നുപെട്ട ഞങ്ങള്‍ പിച്ചയെടുത്തേനേ. മുന്‍കൂട്ടി വാടക ചോദിച്ചതിനുശേഷം ഒരു ഓട്ടോയിലേയ്ക്ക് കയറി. നഗരത്തിന്റെ മറ്റൊരു ഭാഗത്തായിരുന്നു അവരുടെ ഇരുനില ഫ്ലാറ്റ്. മനോഹരമായി അലങ്കരിച്ച ആ വീട്ടില്‍ എന്നെ ആദ്യമാകര്‍ഷിച്ചത് ഒരു രാജസ്ഥാനി ചിത്രമാണ്. രണ്ടാമത്തേത് സരിത സ്വാഗതമാശംസിച്ച് നല്‍കിയ ഇഞ്ചിച്ചായയും.  ശരീരം കാലാവസ്ഥയോട് ഇണങ്ങിവരുന്നതുവരെ ക്ഷമയോടെയിരിക്കുന്നതാണ് ബുദ്ധിയെന്ന് അവര്‍ തന്ന ഉപദേശം നിരസിക്കാന്‍ ഞങ്ങള്‍ക്ക് മൂന്നാള്‍ക്കും തോന്നിയില്ല. ഈ തണുപ്പത്ത് കുളി തികച്ചുമൊരാര്‍ഭാടമാണ്. ടെറസില്‍ പോയി വെയില്‍കായുന്നതാണ് കൂടുതല്‍ അഭികാമ്യം. ഉച്ചവരെ വിശ്രമസമയമായി ഞാനും ആശയും പ്രഖ്യാപിച്ചു. അടുത്ത ഒരാഴ്ച ഞങ്ങള്‍ക്കൊപ്പം അലയേണ്ടിവരുന്നതിനാല്‍ ഞങ്ങളുടെ ആതിഥേയര്‍ക്ക് അന്ന് ജോലിക്ക് പോവണം. വന്നെത്തിയ ഈ സ്ഥലത്തെപ്പറ്റി ഒന്നുമറിയില്ലെന്ന് എനിക്ക് തോന്നി. ഇന്റര്‍നെറ്റില്‍ തപ്പി പോവേണ്ട സ്ഥലങ്ങളേതൊക്കെയാണെന്ന് എങ്കിലും അറിഞ്ഞുവെയ്ക്കാമായിരുന്നു. ഒടുവില്‍ വന്നപാട് ചന്തമെന്ന് ഞാന്‍ സമാധാനിച്ചു.

വൈകുന്നേരം മൂന്നുമണിയോടെ ഞങ്ങള്‍ നാലുപേര്‍ നഗരത്തിലേയ്ക്ക് ഇറങ്ങി. ഇവിടെ സ്വകാര്യബസ്സുകള്‍, പ്രത്യേകിച്ചും സിറ്റിബസ്സുകള്‍ തീര്‍ത്തും വിരളമാണ്. ഇല്ലെന്നുതന്നെ പറയാം. ഓട്ടോയുടെ വല്യേട്ടനായ വിക്രം എന്നൊരു മുച്ചക്രവാഹനമാണ് ആ കുറവ് നികത്തുന്നത്. പാലക്കാടും മലപ്പുറത്തുമൊക്കെ ഒരുകാലത്ത് ജീപ്പുകള്‍ ട്രിപ്പടിച്ചിരുന്നതുപോലെ ഇവിടെ വിക്രം റിക്ഷകള്‍ സര്‍വീസ് നടത്തുന്നു. ഒരു വ്യത്യാസം മാത്രം, റൂട്ട് നമ്പര്‍ ഒക്കെ ഉള്ള ഔദ്യോഗിക സര്‍വീസുകളാണ് ഇവയെല്ലാം.

Vikram Riksha

പോവേണ്ട വഴിയില്‍ വിക്രമണ്ണന്‍ വരുന്ന ലക്ഷണമൊന്നും കാണുന്നില്ലെന്ന് മനസ്സിലായപ്പോള്‍ ഞങ്ങള്‍ ഓട്ടോറിക്ഷയെത്തന്നെ ആശ്രയിച്ചു. വീണ്ടും കയറുന്നതിനു മുമ്പ് തന്നെ കൂലി ചോദിക്കലും വിലപേശലും. ഈ നഗരത്തില്‍ വിലപേശലിന് അതിന്റേതായ മാന്യതയുണ്ട്. മലയാളികള്‍ എപ്പോഴോ അത് മറന്നുപോയിരിക്കുന്നു.

എല്ലാ വര്‍ഷവും നഗരത്തില്‍ വന്നെത്തുന്ന വലിയൊരു കാര്‍ണിവലായ  ഗ്വാളിയോര്‍ മേള ആയിരുന്നു ഞങ്ങളുടെ അന്നത്തെ ലക്ഷ്യം. (ഗ്വാളിയോര്‍ മേള – വിക്കി പേജ് ഇവിടെ ) എല്ലാ വര്‍ഷവും ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെയാണത്രെ ഈ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത് . കരകൗശലവസ്തുക്കളും കലാവസ്തുക്കളും മുതല്‍ വീട്ടുപകരണങ്ങളും തുണിത്തരങ്ങളും ഫര്‍ണീച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും എന്നുവേണ്ട, കല്ലുപ്പ് തൊട്ട് കരിവീട്ടി വരെ എന്തു സാധനവും  വില്‍ക്കുന്ന പലപല കടകള്‍ മേളയില്‍ സജീവമാണ്. കൂടാതെ ഭക്ഷണശാലകളും വിനോദോപകരണങ്ങളും അവിടെയുണ്ട്. ഗ്വാളിയോറിലെ മിക്ക പ്രമുഖ കടകളും മേളയില്‍ അവരുടെ സ്റ്റാളുകള്‍ തുറക്കുകയും വാറന്റിയടക്കമുള്ള രേഖകളോടെ ഉപകരണങ്ങള്‍ വില്‍ക്കുകയും ചെയ്യും. ആ പറഞ്ഞ കാര്യം എനിക്കും വളരെ രസിച്ചു. നമ്മുടെ തൃശൂര്‍ പൂരം എക്സിബിഷനില്‍ തൃശൂരിലെ പ്രമുഖ കടകളുടെ സ്റ്റാളുകള്‍ കണ്ടിട്ടുണ്ടോ എന്നും ഞാനൊന്ന് ഓര്‍ത്തുനോക്കി.

മേള ഗ്രൗണ്ടിന് പുറത്ത് ഒരു വലിയ തറി സ്ഥാപിച്ചിരിക്കുന്നു. കൈപ്പണി കൊണ്ട് മെടഞ്ഞെടുത്ത തുണിത്തരങ്ങളും മുളമ്പാത്രങ്ങളും ഒക്കെ അവിടെയുണ്ട്. തുണിയില്‍ കരയുടെ സ്ഥാനത്ത് ചായം ചേര്‍ക്കുന്ന ഒരു രംഗം ലൈവ് ആയി ഞാന്‍ കണ്ടു. മേള ഗേറ്റിന് പുറത്ത് പൂന പധാരേ എന്നോ മറ്റോ എഴുതിവെച്ചിരിക്കുന്നു. കളിമണ്‍ ശില്‍പങ്ങളും കലാവസ്തുക്കളുമാണ് ആദ്യമാദ്യം ഏറെയും.

1-Gwalior1

ചിത്രങ്ങള്‍ വില്‍ക്കുന്ന ഒരു കട ഞാന്‍ കണ്ടു. ഒന്നു വാങ്ങാമെന്ന് ആഗ്രഹം തോന്നിയെങ്കിലും വില അധികമായിരുന്നു. കടയുടെ ഫോട്ടോ എടുക്കുന്നത് കടക്കാര്‍ വിലക്കി.  വേറൊരു സ്ഥലത്ത് സ്റ്റിക്കറുകളാണ് വില്‍പന. അതും വലിയ വലിയ സ്റ്റിക്കറുകള്‍. ചോട്ടാ ഭീമിന്റെ സ്റ്റിക്കര്‍ കണ്ടാല്‍ വാങ്ങണമെന്ന് തോന്നിയെങ്കിലും ഇല്ലായിരുന്നു. ഒരടിയിലധികം ഉയരമുള്ള വലിയ പ്ലാസ്റ്റിക് സ്റ്റിക്കറിന് 150 രൂപയായിരുന്നു അവര്‍ പറഞ്ഞ വില.

ഏതൊരു കാര്‍ണിവലിലുമെന്നപോലെ ഭക്ഷണശാലകളുടെ വന്‍നിര തന്നെ ഇവിടെയുമുണ്ട്. ആദ്യം ഞങ്ങള്‍ തിന്നത് ചീനച്ചട്ടിയില്‍ കനലില്‍ ചുട്ടുണ്ടാക്കുന്ന ഒരു തരം ബിസ്കറ്റ് ആണ്. കടായ് ബിസകറ്റ് എന്നാണത്രെ അതിന്റെ പേര്. കടായ് ചിക്കന്റെ അനിയനോ അമ്മായീടെ മകനോ മറ്റോ ആണ്.

1-Gwalior2ഇളംചൂടുള്ള ബിസ്കറ്റ് തിന്നുന്നത് ആദ്യമായാണ്. വായിലിടുന്നതിനു മുമ്പേ അലിഞ്ഞു തീരുമെന്നു തോന്നിക്കുന്ന ആ ബിസ്കറ്റിന് കിലോ 160 രൂപയായിരുന്നു വില. തണുത്താല്‍ സ്വാദുണ്ടാവില്ലെന്ന് മനസ്സിലാക്കിയതിനാല്‍ കാല്‍കിലോ മാത്രമേ വാങ്ങിയുള്ളൂ. നമ്മൂടെ സംഭാരപ്പാക്കറ്റുക്കളുടെ വലിപ്പത്തിലുള്ള പ്ലാസ്റ്റിക് പാക്കറ്റുകളില്‍ കുടിവെള്ളവും അവിടെ കിട്ടുന്നു. രണ്ട് രൂപ മാത്രം വിലയില്‍ 😦

1-DSC00131

2-DSC00132

പലതരം പൂരികളും മസാലകളും നാക്കില്‍ വെള്ളമൂറിക്കുന്നു

തിരക്ക് നിറഞ്ഞ ഒരു മൈതാനം കണ്ടപ്പോള്‍ത്തന്നെ ഇത്  പോക്കറ്റടിക്കപ്പെടാനുള്ള സ്ഥലമാണെന്ന്  എനിക്ക് പെട്ടെന്ന് തോന്നി. കീശ ഭദ്രമായി കാത്ത് ഞാന്‍ പിന്നെയുംനടന്നു. തിരക്കേറിയത് വെറുതെയല്ല. വലിയ വലിയ യന്തഊഞ്ഞാലുകളും യന്ത്രത്തോണികളും ആടിക്കൊണ്ടിരിക്കുന്ന ഇടമാണ്. ഒരു വലിയ ബെല്‍റ്റില്‍ കൂടി ഓടിക്കൊണ്ടിരിക്കുന്ന പന്തുകള്‍ വെടിവെച്ചിടാനുള്ള അവസരം നല്‍കുന്ന കടകള്‍ പ്രത്യക്ഷപ്പെട്ടു. മിക്കി മൗസ് കാവല്‍ നില്‍ക്കുന്ന ചരിവുകളില്‍ കൂടി ഉരുസിയിറങ്ങണമെങ്കില്‍ അതിനും വഴികളുണ്ട്.

1-Gwalior3

ഏതെങ്കിലും റൈഡുകളില്‍ വെറുതെയൊന്ന് കേറണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. സരിതയും അതിനെ അനുകൂലിച്ചു. എന്നാല്‍ ആശയ്ക്കും ചെക്കനും ഭയങ്കര പേടിയായതുകൊണ്ട് ആ പൂതി അടക്കേണ്ടിവന്നു.

വിലപേശലിന്റെ പുതിയപുതിയ പാഠങ്ങളുമായി അവിടവിടെ നിന്ന് ഞങ്ങള്‍ ഓരോരോ സാധനങ്ങളായി വാങ്ങിക്കൊണ്ടിരുന്നു. നൂറ്റിരുപത് രൂപ വില പറഞ്ഞ, കുറച്ച് ചിത്രപ്പണികളൊക്കെയുള്ള ഒരു ബാഗ് പേശുമ്പോള്‍ പൊടുന്നനെ എമ്പതിലും എഴുപത്തഞ്ചിലും എത്തുന്നു. അഞ്ഞൂറിന്റെ ഷൂസ് മുന്നൂറിലേയ്ക്ക് താഴുന്നു. കടകളില്‍ നിന്ന് അടുത്ത കടയിലേയ്ക്ക് ഞങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു.  ഞങ്ങള്‍ കേരളത്തില്‍ നിന്നാണെന്ന് കേട്ടപ്പോള്‍ ഇടയ്ക്ക് ഒരു കടക്കാരന് അല്‍ഭുതം. മേള കാണാന്‍ വേണ്ടിയോ എന്നായിരുന്നു അയാളുടെ സംശയം. പക്ഷേ താന്‍ ഗ്വാളിയോറില്‍ തന്നെയാണെന്നും ഇവര്‍ എന്റെ അതിഥികളാണെന്നും സരിത അയാളെ ബോധ്യപ്പെടുത്തി. വേണ്ടിയിരുന്നില്ല. അയാളെ ആ അതിശയത്തില്‍ വിഹരിക്കാനായി വിടാമായിരുന്നു 🙂

കുറച്ച് ദൂരം കഴിഞ്ഞപ്പോഴേക്കുതന്നെ ഞങ്ങള്‍ക്ക് മതിയായിത്തുടങ്ങി. മൂത്രമൊഴിക്കാനുള്ള സ്ഥലമന്വേഷിച്ച് സ്വ‌‌ല്‍പം നടന്നു.  അങ്ങനെയൊരിടമുണ്ട് എന്നതുതന്നെ ആശ്വാസമായിത്തോന്നി. വിശപ്പ് കടന്നാക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ കാര്‍ണിവലിലെ ഒരു ഭക്ഷണശാലയിലെ മേശകസേലകളില്‍ സ്ഥലം പിടിച്ച് പാവ് ഭാജിയും ചോല പട്ടൂരയും കഴിക്കാന്‍ തുടങ്ങി. വിശപുകൊണ്ടാണോ എന്നറിഞ്ഞുകൂടാ, അരിഞ്ഞിട്ട കാരറ്റിനും കക്കരിക്കക്കും ഉള്ളിക്കും വരെ നല്ല സ്വാദ്.  ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട്  പപ്പടവും വന്നെത്തി.  ഒരു ടാബ്ലോയ്ഡ് ഷീറ്റിനേക്കാള്‍ വലിയ പപ്പടം. അതിനാവട്ടെ കുട്ടിക്കാലത്ത് തിന്നിരുന്ന മഞ്ഞനിറമുള്ള കുഴലിന്റെ സ്വാദും. കുരുമുളക് പൊടി മുകളില്‍ വിതറിയെടുത്ത ഈ പപ്പടം വിളമ്പുന്നത് ഒരു കഷണം  ന്യൂസ് പേപ്പറിലാണ്. പാവ് ഭാജി പക്ഷേ എനിക്കത്ര ഇഷ്ടപ്പെട്ടില്ല. ചോല പട്ടൂരയാണ് ഭേദം. ഹരിദ്വാറില്‍ വെച്ച് തെരുവുകച്ചവടക്കാരില്‍ നിന്ന് രമേശനും സുജയും ഹനുമാനും വാങ്ങിത്തിന്നത് ഈ വിഭവമാണെന്ന് മറക്കാന്‍ കഴിയില്ല.

1-Gwalior

ചെക്കന് പക്ഷേ ഈ പഴങ്കഥകളിലോ മുന്നിലെ ഭക്ഷണത്തിലോ തൃപ്തിവന്നില്ല.  പക്ഷേ അവനുവേണ്ടി വാങ്ങിയ കച്ചോരി അവന്‍ സ്വാദോടെ തിന്നുന്നുണ്ടായിരുന്നു.  കയ്യ് നിറയെ മെഴുക്കാക്കാതെ ഭക്ഷണം കഴിക്കുന്ന വടക്കേയിന്ത്യന്‍ രീതി മെല്ലെമെല്ലെ ഞാന്‍ പരിശീലിച്ചുനോക്കി. അത് നന്നായെന്ന് വേണം പറയാന്‍. കാരണം കൈ കഴുകാന്‍ അവിടെയെങ്ങും ഇടമില്ലായിരുന്നു. കുടിക്കാന്‍ കൊണ്ടുവെച്ച വെള്ളത്തില്‍ ലേശമെടുത്ത് കഴിക്കുന്നിടത്ത് തന്നെയിരുന്ന് കൈവിരകുകള്‍ക്ക് മേലെക്കൂടി ഒഴിച്ചാണ് ഞങ്ങള്‍ ഭക്ഷണം അവസാനിപ്പിച്ചത്.

ഈ കൈകഴുകല്‍ വിനോദം പിന്നെയും എന്നെത്തേടിവന്നു. ദല്‍ഹിയിലേയ്ക്കുള്ള യാത്രക്കിടയില്‍  അപ്പര്‍ ബര്‍തില്‍  കിടക്കുന്ന എന്റെ  എതിരെയുള്ള ബര്‍ത്തില്‍ ഒരു ടീനേജര്‍ പെങ്കൊച്ചായിരുന്നു. യാത്രയെക്കുറിച്ചോര്‍ത്ത്  കിടന്ന ഞാന്‍ അത്ര പെട്ടെന്ന് ഉറങ്ങിയില്ല. ഇടക്കൊന്ന് കണ്ണ് തുറന്ന് നോക്കുമ്പോള്‍ ഭക്ഷണം കഴിച്ചതിനുശേഷം ആ പെണ്ണ് വാട്ടര്‍ബോട്ടിലില്‍ നിന്ന് ഇത്തിരി വെള്ളമെടുത്ത് സ്വന്തം  ട്രാവല്‍ബാഗിന്റെ മേലേയ്ക്ക് കൈ കഴുകുന്നതാണ് കണ്ടത്.

എന്തൊക്കെ രസങ്ങളാണ് ജീവിതത്തിന്  🙂

യാത്ര തുടരുന്നു.

രണ്ടാം ഭാഗം. കൊട്ടാരവും കോട്ടയും മറ്റു ചിലരും

Comments
  1. Anonymous says:

    വളരെ നന്നായിരിയ്ക്കുന്നു അരുൺ… വർഷങ്ങളായി നടത്തി മടുത്തിരിയ്ക്കുന്ന യാത്രകളാണെങ്കിലും, പുതുമയുള്ള കണ്ണുകളിലൂടെ ആ കാഴ്ചകൾ കാണുമ്പോൾ അതിന് ഏറെ ഭംഗിയുണ്ട്.. പക്ഷേ ഗ്വാളിയാറൊന്നും ഇതുവരെ നടന്നുകാണുവാൻ സാധിച്ചിട്ടില്ല….. ട്രെയിനിൽ ഇരുന്നുള്ള ദൂരക്കാഴ്ചകൾ മാത്രമാണ് ഇതുവരെയുള്ളത്….. ഒരിയ്ക്കൽ പോകണം…..

    വളരെ നന്നായി എഴുതിയിരിയ്ക്കുന്നു….. ബാക്കിയുള്ള യാത്രയുടെ വിവരണങ്ങളും ഉടൻ ഉണ്ടാകുമല്ലോ അല്ലേ… 🙂

    • arun says:

      വന്നതിനു നന്ദി അജ്ഞാത് !!! ബാക്കി വിവരണങ്ങള്‍ ഉടനെയുണ്ടാവും…

      • shibu thovala says:

        അജ്ഞാതനല്ല കേട്ടോ… പേരെഴുതാൻ മറന്നതുകൊണ്ട് കമ്പ്യൂട്ടർ അജ്ഞാതനാക്കിയതാണ്…… 🙂 ഷിബു തോവാള.

      • arun says:

        Haha 🙂

  2. Anonymous says:

    🙂

    • arun says:

      🙂

      ഇനിയും നീ ഇതുവഴി വരില്ലേ സ്മൈലികളെയും തെളിച്ചുകൊണ്ട് ?

  3. യാത്രാവിവരണവും ചിത്രങ്ങളും ഇഷ്ടപ്പെട്ടു

    • arun says:

      വന്നതിനു നന്ദി അജിത്, ബാക്കി ഭാഗങ്ങള്‍ കൂടി ഒന്നൊന്നായി പോസ്റ്റ് ചെയ്യാം.

  4. cheeramulak says:

    യാത്ര തുടരട്ടെ.. രാജകൊട്ടാരങ്ങളും ഉത്തരേന്തൻ ഗ്രാമീണജ്ജീവിതങ്ങളുമൊക്കെ 
    ഇവിടെ വരച്ചിടുമെന്ന് പ്രതീക്ഷിക്കുന്നു

    • arun says:

      തുടരുകയാണ് മുളകേ. കൊട്ടാരങ്ങള്‍ ചിലത് കണ്ടെങ്കിലും ഗ്രാമീണജീവിതം കണ്ടോ എന്ന് സംശയമാണ്.

      വരുംനാളുകളില്‍ നിങ്ങള്‍ തന്നെ തീരുമാനിക്കൂ.

  5. aniyan anila says:

    kanda karyangal athilere nannayi ezhuthiyirikkkunu….nannayannu…

    • arun says:

      Thanks for your feedback. അടുത്ത ഭാഗം ഈയാഴ്ച തന്നെ പോസ് ചെയ്യാം.

      അപ്ഡേറ്റ്. .

      ഇപ്പൊഴാണ് ആളെ മനസ്സിലായത്. 🙂 🙂

  6. അവസാനം അഭിപ്രായം പറയാം

    • arun says:

      അവസാനം വരെ വായിച്ചാല്‍ മതി. അഭിപ്രായം മൊത്തത്തില്‍ ഒന്നിച്ചിങ്ങ് പോരട്ട്

  7. Anonymous says:

    Manoharamaya vivaranam…………..
    Gwalior vayanakkarude munnilekku…………………..

  8. nannu says:

    njhan innanu nokkiyathu eee idavahi. interesting.

    • arun says:

      ഒരിക്കലെത്തിയല്ലോ, ഇനിയും വരിക, വായിക്കുക.

  9. Biju V S says:

    വടക്കേ ഇന്ത്യയില്‍ ഒന്നു കറങ്ങുക എന്റെ ഒരു വലിയ ആഗ്രഹം ആണ്…. അരുണിന്റെ ഗ്വാളിയര്‍ യാത്ര എന്റെ മോഹങ്ങളെ വീണ്ടും തട്ടി ഉണര്‍ത്തി..
    വളരെ നല്ല വിവരണം.. തുടച്ചക്കായി കാത്തിരിക്കുന്നു…… Biju.V S

  10. […] വടക്കോട്ടൊരു യാത്ര -1 വടക്കോട്ടൊരു യാത്ര – 2. കൊട്ടാരവും കോട്ടയും മറ്റു ചിലരും […]

  11. […] വടക്കോട്ടൊരു യാത്ര – 1 […]

  12. […] 1) വടക്കോട്ടൊരു യാത്ര  […]

  13. താര അജിത് കുമാർ says:

    വിവരണം നന്നായിരിക്കുന്നു. തണുപ്പ് വിവരിച്ചത് വായിച്ചപ്പോ 4 ഡിഗ്രി തണുപ്പോടെ ജയ്പ്പൂരിൽ പോയതോർമ്മ വന്നു. ( കുളിക്കാൻ മടി തോന്നിയതും) കൊള്ളാം നന്നായിരിക്കുന്നു

Leave a reply to Anonymous Cancel reply