വടക്കോട്ടൊരു യാത്ര – 2 കൊട്ടാരവും കോട്ടയും മറ്റു ചിലരും.

Posted: 12/04/2013 in Travelouge
Tags: , ,

യാത്രയുടെ ആദ്യഭാഗം വായിക്കാന്‍ : വടക്കോട്ടൊരു യാത്ര -1

ഗ്വാളിയോര്‍.

എട്ടുമണിയാവാറായിട്ടും തെരുവാകെ മഞ്ഞുമൂടി നില്‍ക്കുകയാണ്. സംസാരിക്കുമ്പോള്‍ മൂക്കില്‍ നിന്നും പുകപറക്കുന്നു. ചുറ്റുമുള്ള കാഴ്ചകള്‍ കൗതുകത്തോടെ നോക്കിക്കൊണ്ട് ഞാന്‍ അങ്ങുമിങ്ങും നടന്നു. കൈകള്‍ പോക്കറ്റുകളിലൊളിപ്പിച്ച് മഫ്ലറുകള്‍ കൊണ്ട് മുഖം സംരക്ഷിച്ച് നടന്നുപോവുന്ന ജനങ്ങള്‍. എന്നാല്‍  ചവറ്റിലക്കിളികള്‍ കൊത്തിപ്പെറുക്കാന്‍ എത്തുന്നതേയുള്ളൂ.  അല്‍പമകലെ നഗരത്തെ നവീകരിക്കുന്ന കെട്ടിടപ്പണിക്കാര്‍ തെരുവില്‍ തീകായുന്നു. അവരുടെയീ ചെറിയ കൂരകള്‍ക്കും ടെന്റുകള്‍ക്കും ഈ തണുപ്പിനെ തടുത്തുനിര്‍ത്താന്‍ എത്രമാത്രം കഴിയും ?

ഇവിടത്തെ ദിവസങ്ങള്‍ ഉണരുന്നത് ഇഞ്ചിച്ചായയുടെ സ്വാദറിഞ്ഞുകൊണ്ടാണ്. ഈ തണുപ്പത്ത് അടുക്കളയുടെ ഇളംചൂടിലേയ്ക്ക് ചേര്‍ന്നുനില്‍ക്കുവാന്‍ പ്രത്യേകസുഖമാണ്. പ്രാതല്‍ പരത്തിയെടുക്കുന്നതിന്റെ തിരക്കുകള്‍. ചൂടുള്ള പറോട്ടയും രാജ്മ കറിയും. പറോട്ട എന്നാല്‍ നാട്ടിലെ നമ്മൂടെ പൊറാട്ടയാണെന്ന് കരുതരുത്. വലിയ ഉരുളയായി കുഴച്ചെടുത്ത ഗോതമ്പുമാവ് വലിപ്പത്തില്‍ പരത്തിയെടുത്ത് മുകളില്‍ നെയ്യോ തരംപോലെ ഡാല്‍ഡയോ പുരട്ടി ഒന്നോ രണ്ടോ തവണ മടക്കുന്നു. വീണ്ടും പരത്തി ചുട്ടെടുക്കുമ്പോള്‍ ഇത് അടരടരുകളായി കയ്യിലേയ്ക്കെത്തുന്ന സ്വാദേറിയ പറോട്ടയാവുന്നു. ഇതിനോടൊപ്പം രാജ്മ കറിയും. പച്ചപ്പട്ടാണി പച്ചയ്ക്ക് ഞാന്‍ കണ്ടത് ഇവിടെവെച്ചാണ്. നമ്മുടെ അമരപ്പയ്യര്‍ പോലെ ഒരു സാധനം. അതിന്റെ പുറന്തൊലി കളഞ്ഞാണ് പട്ടാണിമണികള്‍ എടുക്കുന്നത്. നമുക്ക് കിട്ടുന്നത് മുഴുവന്‍ ഉണക്കപ്പട്ടാണിയാണല്ലോ 🙂

കൊണാരക്കിലെ പ്രസിദ്ധമായ സൂര്യക്ഷേത്രത്തിന്റെ മാതൃകയില്‍ ഗ്വാളിയോറില്‍ ഒരു സൂര്യക്ഷേത്രമുണ്ട്. ഇന്നത്തെ യാത്രയിലെ ആദ്യത്തെ ലക്ഷ്യം അതായിരുന്നു. പോവുന്ന വഴിക്ക് എന്നെയമ്പരപ്പിച്ച് ചാക്കുകെട്ടുകള്‍ കയറ്റിയ കുതിരവണ്ടികള്‍ റോട്ടില്‍ പ്രത്യക്ഷപ്പെട്ടു. ഭാരവണ്ടി വലിക്കുന്നതിന് കുതിരകളെ ഉപയോഗിക്കുമെന്ന് ഞാന്‍ ആലോചിച്ചിരുന്നേയില്ല. കാളവണ്ടികളല്ലേ നമുക്ക് പരിചയം 🙂 പതിനൊന്നരയോടെ ഞങ്ങള്‍ സൂര്യക്ഷേത്രത്തിലെത്തി.  അടുത്തകാലത്ത് നിര്‍മിച്ച ചുവന്ന നിറത്തിലുള്ള ഈ ക്ഷേത്രം അത്രയ്ക്ക് കേമമൊന്നുമല്ലെങ്കിലും ഇവിടേയ്ക്ക് ധാരാളം സന്ദര്‍ശകരുണ്ടെന്ന് തോന്നുന്നു. ക്ഷേത്രത്തിന്റെ പരിസരം പുല്‍ത്തകിടികളും പൂന്തോട്ടങ്ങളും ഒരുക്കി മനോഹരമാക്കിയിട്ടുണ്ട്.

sun temple

പത്തുപന്ത്രണ്ട് പടികള്‍ കയറിച്ചെല്ലുമ്പോള്‍ ഒരു വിശാലമായ അടിത്തറ. അതിന്റെ മുകളിലാണ് ക്ഷേത്രം പടുത്തുയര്‍ത്തിയിട്ടുള്ളത്. കുതിരകള്‍ വലിക്കുന്ന രഥത്തിന്റെ രൂപമാണ് ക്ഷേത്രത്തിന്. ഓരോ വശത്തും മുന്‍കാലുകള്‍ പൊക്കിനില്‍ക്കുന്ന നന്നാല് അശ്വശില്‍പങ്ങള്‍. അവയ്ക്ക് പിന്നില്‍ ആളുയരത്തിലുള്ള രഥചക്രങ്ങള്‍. മുന്‍കാലുകള്‍ ഉയര്‍ത്തിച്ചാടിക്കൊണ്ട് ഉല്‍സാഹത്തോടെ രഥം വലിക്കുകയാണ് കുതിരകള്‍. പക്ഷേ എങ്ങനെ ? വഴിയരികില്‍ ഞാന്‍ കണ്ട വണ്ടിക്കുതിരകള്‍ക്കൊന്നും ഇത്രയ്ക്കുല്‍സാഹമുണ്ടായിരുന്നില്ലല്ലോ ! ക്ഷേത്രച്ചുമരുകളില്‍ ദേവശില്‍പങ്ങള്‍ അവിടവിടെയായി കൊത്തിവെച്ചിരിക്കുന്നു. പല ചുറ്റുകളായി പ്രദക്ഷിണം വെയ്ക്കുമ്പോള്‍ ശില്‍പങ്ങള്‍ നമുക്ക് മുന്നില്‍ തെളിഞ്ഞുവരുന്നു.

lakshmi and vishnu

അകം വിശാലമായ ഒരു തളമാണ്. ധാരാളം വെളിച്ചവുമുണ്ട്. അതിനപ്പുറത്ത് ശ്രീകോവിലില്‍ വെണ്ണക്കല്ലുകൊണ്ട് ഉണ്ടാക്കിയതെന്ന് തോന്നുന്ന സൂര്യവിഗ്രഹം. ഏഴു കുതിരകളെ പൂട്ടിയ, അരുണന്‍ തെളിക്കുന്ന തേരില്‍ മഞ്ഞപ്പട്ടുടുത്ത് ചതുര്‍ബാഹുവും ശൂലപാണിയുമായാണ് സൂര്യനെ ചിത്രീകരിച്ചിട്ടുള്ളത്. അതിസുന്ദരന്‍. ഇരുവശത്തും ഖഡ്ഗധാരികളായ അംഗരക്ഷകരും വടിവൊത്ത സുന്ദരികളും. തെളിഞ്ഞ പ്രകാശമാണ് അവിടെയെങ്ങും.  കേരളത്തിലെ ശ്രീകോവിലുകളെ അത്യാകര്‍ഷകമാക്കുന്ന ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ഇടകലരല്‍ ഇവിടെയെങ്ങും കാണാനേയില്ല.

1-Gwalior5

ഭക്തിവാദികളെല്ലാം ക്ഷേത്രത്തില്‍ നിന്നും തിരിച്ച് പോരാനൊരുങ്ങുമ്പോള്‍ വിജനമായിക്കൊണ്ടിരിക്കുന്ന മുന്‍ഭാഗത്തെ പടിക്കെട്ടുകളിലിരുന്ന് തന്റെ സ്കെച്ച് ബുക്കില്‍ ക്ഷേത്രത്തിന്റെ ചിത്രം വരയ്ക്കാനൊരുങ്ങുകയാണ് തവിട്ടുനിറത്തിലുള്ള ഏതോ ഒരു സുന്ദരി. ഇന്നലെ മേളയ്ക്ക് പോയപ്പോള്‍ മുതല്‍ എന്നെ വളരെയധികം ബുദ്ധിമുട്ടിക്കുന്നത് ഇത്തരം ഗോതമ്പുസുന്ദരികളാണ്. മനസ്സ് ചോരകുടിക്കാനൊരുങ്ങുമ്പോഴേയ്ക്കും ബുദ്ധി ഓര്‍മിപ്പിക്കും. കുഞ്ഞേ ഇത് കേരളമല്ല. അതോടെ പെട്ടെന്ന് ഞാന്‍ മാന്യനാവും.

സൂര്യക്ഷേത്രത്തില്‍ നിന്ന് പന്ത്രണ്ടേകാലോടെ പുറത്തിറങ്ങിയ ഞങ്ങള്‍ അടുത്തതായി പോയത് ഗ്വാളിയോറിലെ ജയ് വിലാസ് പാലസ് കാണാന്‍ വേണ്ടിയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഇന്ത്യന്‍ ആശ്രിതരില്‍ ഏറ്റവും  പ്രധാനികളായിരുന്ന അഞ്ച് നാട്ടുരാജാക്കന്മാരില്‍ ഒരാളായിരുന്നു ഗ്വാളിയറിലെ രാജാവ്. ഞങ്ങള്‍ കാണാന്‍ പോവുന്ന ഈ കൊട്ടാരം ഇപ്പോഴും സിന്ധ്യമാരുടെ സ്വകാര്യസ്വത്ത് തന്നെയാണ്. കിഴക്കേക്കോട്ടയിലെ കുതിരമാളികയും മറ്റും ഇപ്പോഴും പൊന്നുതമ്പുരാക്കന്മാരുടെ കയ്യിലാണെന്ന് മൊഴിഞ്ഞ ഗൈഡിനെ പെട്ടെന്ന് ഓര്‍മവന്നു. കാളവണ്ടികള്‍ സഞ്ചരിക്കുന്ന റോഡില്‍ മാധവറാവുസിന്ധ്യയുടെ മകന്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ ചിരിക്കുന്നമുഖം നിറഞ്ഞ ഫ്ലെക്സ് ബോര്‍ഡുകള്‍ കാണാം. ഒരുമണിയോടെ ഞങ്ങള്‍ കൊട്ടാരത്തിലെത്തി.കൊട്ടാരത്തിലേയ്ക്കുള്ള പ്രവേശനഫീസ് കൂടുതലാണ്. ആളൊന്നിന്  60 രൂപയും ക്യാമറടിക്കറ്റിന്  75 രൂപയുമാണ് നിരക്ക്.

രണ്ട് പഴയകാല ട്രെയിന്‍ ബോഗികള്‍ കാഴ്ചക്കാരെ സ്വാഗതം ചെയ്യുന്ന ഈ കൊട്ടാരം മഹത്തായ ഒരു തട്ടിപ്പാണ്. മാധവറാവുസിന്ധ്യയുടെ മഹത്വങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സിന്ധ്യമാരുടെ കുടുംബഫോട്ടോകള്‍ തൂക്കാനുമാണ് പ്രധാന ഇടങ്ങള്‍ പലതും ഉപയോഗിച്ചിരിക്കുന്നത്. എനിക്കെന്ത് സിന്ധ്യപ്രേമം ? കൊട്ടാരത്തിന്റെ ഒരു ഭാഗം മ്യൂസിയത്തിനായും കലാശേഖരങ്ങള്‍ക്കുമായി ഒരുക്കിവെച്ചിട്ടുണ്ട്. നീലമുറി, ഓറഞ്ച് മുറി, ചില്ലുമുറി എന്നിങ്ങനെ കൊട്ടാരം പരന്നുകിടക്കുന്നു. പല്ലക്കുകളും ചെറിയ നീന്തല്‍ കുളവും ശരറാന്തലുകളും പിന്നെ മഹാഗണിയിലും കരിവീട്ടിയിലും നിര്‍മിച്ച ഒന്നാന്തരം ഫര്‍ണീച്ചറുകളും നിറഞ്ഞ കൊട്ടാരക്കെട്ട്.

lida and zeus

ഒരു അരയന്നവുമായി ഇണചേരുന്ന യുവതിയുടെ വെണ്ണക്കല്‍ ശില്‍പം സ്വാഭാവികമായും എന്നെ ആകര്‍ഷിച്ചു. ലിഡ എന്ന സുന്ദരിയോട് കൊതി മുഴുത്ത് സ്യൂസ് അരയന്നത്തിന്റെ വേഷമെടുത്ത് അവളോടിണചേരുന്ന രംഗമാണതെന്ന് തോന്നുന്നു.

1-DSC00214

ഈ ഫാന്‍ മനോഹരം തന്നെയാണ്

രണ്ട് കാര്യങ്ങള്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. തോക്കുകളും റിവോള്‍വറുകളും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു വലിയ ഹാളായിരുന്നു അതില്‍ ആദ്യത്തേത്. കൊന്നുവീഴ്ത്തിയ കടുവകളുടെ മുന്നില്‍ നിരനിരയായി ഇരിക്കുന്ന നായാടികളുടെ ഫോട്ടോ ഇവര്‍ ബല്യ വെടിവീരന്മാരാണെന്ന് തെളിയിക്കുന്നത് തന്നെയായിരുന്നു. കടുവാവേട്ടക്ക് ഒരു ഗൈഡ് എന്ന പുസ്തകമെഴുതിയ ഒരു ഗ്വാളിയോര്‍ രാജാവ് 1400 കടുവകളെ വരെ വെടിവെച്ചുകൊന്നിട്ടുണ്ടെന്നാണ് അറിവ്. (അയാളെന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടോ എന്നാണ് ചോദ്യമെങ്കില്‍ ഇല്ല. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പൊത്തകം വായിച്ച അറിവാണ്. രാജാക്കന്മാരെ കൊച്ചാക്കാനുള്ള ഒരു പ്രവണത ആ ബുക്കിന്റെ സവിശേഷതയുമാണ് )

1-DSC00219

രണ്ടാമത്തേത് ഒരു വലിയ അതിഥിമുറിയാണ്.  നീണ്ട തീന്‍മേശയിലേയ്ക്ക് നോക്കുമ്പോള്‍ ഒരു ചെറിയ റെയില്‍പ്പാളമാണ് കാണാനാവുന്നത്. റെയില്‍ വഴി ഓടുന്ന, ബട്ടണുകള്‍ കൊണ്ട് നിയന്ത്രിക്കുന്ന ഒരു കളിത്തീവണ്ടിയിലാണത്രെ ഭക്ഷണം വിളമ്പിയിരുന്നത്. അതിഥികളുടെ ബഹുമാനാര്‍ഥം നടത്തുന്ന ഈ വിരുന്നിലാണ് ലോകത്തെ ഏറ്റവും രുചികരമായ റെയില്‍വേ അപകടങ്ങളിലൊന്ന് നടന്നത്.  വൈസ്രോയി പങ്കെടുത്ത ഒരു വിരുന്നില്‍ കളിത്തീവണ്ടികള്‍ പാളം തെറ്റുകയും പൂരിയും ഇറച്ചിയും കറികളും പഴച്ചാറുകളുമൊക്കെ അതിഥികളുടെ മേലേയ്ക്ക് ചിതറിവീഴുകയും ചെയ്തു. പക്ഷേ ഗ്വാളിയോറിലെ രാജാക്കന്മാരുടെ തീവണ്ടിഭ്രമം ഇങ്ങനെ കളിത്തീവണ്ടികളില്‍ മാത്രം ഒതുങ്ങിനിന്നില്ലെന്ന് പറയാതെവയ്യ.  ഇവിടെ ഇപ്പോഴും സര്‍വീസ് നടത്തുന്ന ഒരു നാരോഗേജ് തീവണ്ടിയുടെ ഉത്ഭവവും ഇവരുടെ തലയില്‍നിന്നായിരുന്നു.

1-DSC00204

ആനക്കൊമ്പില്‍ നിര്‍മിച്ച ഒരു കളിവണ്ടി

രണ്ട് മണിയായപ്പോഴേയ്ക്കും കൊട്ടാരത്തിലെ കാഴ്ചകളൊക്കെ തീര്‍ത്ത് ഞങ്ങള്‍ പുറത്തിറങ്ങി. ഈ കൊട്ടാരം എന്നെ ശരിക്കും നിരാശപ്പെടുത്തി.  പക്ഷേ പദ്മിനികളും ശംഖിനികളുമായ നിരവധി ഗോതമ്പുസുന്ദരികള്‍  കൊട്ടാരത്തില്‍ സന്ദര്‍ശകരായി എത്തിയിരുന്നതിനാല്‍ അത്രയ്ക്കങ്ങ് ബോറടിച്ചില്ലെന്നു വേണം പറയാന്‍. നഗരത്തിലൂടെ പച്ചനിറത്തിലുള്ള കൊടികള്‍ പിടിച്ച യുവാക്കള്‍ കുതിരയോട്ടം നടത്തി ആനന്ദിക്കുന്നു. നബിദിനാഘോഷമാണത്രെ.  പശ്ചാത്തലത്തില്‍ ഗ്വാളിയോര്‍ കോട്ട തെളിഞ്ഞുകാണുന്നു.

1-DSC01844

ഗ്വാളിയോര്‍ നഗരത്തിലെ ഏറ്റവും പ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രമാണ് ഗ്വാളിയോര്‍ കില. ഏട്ടാം നൂറ്റാണ്ടിലോ മറ്റോ പണി തുടങ്ങിയ ഈ ദുര്‍ഗം പലവട്ടം നവീകരണത്തിനു വിധേയമായിട്ടുണ്ട്. അതിനും മുമ്പ് മൂന്നാം നൂറ്റാണ്ടിലാണ് കോട്ടയുടെ ആദിരൂപത്തിന്റെ പിറവിയെന്നും പറയപ്പെടുന്നു. ഹൂണരും പ്രതിഹാരരും തൊമാറുകളും മുഗളരും ഝാട്ടുകളും മറാത്തകളും ഇംഗ്ലീഷുകാരും ഒന്നൊന്നായി വാളുയര്‍ത്തിയ കോട്ട. മറാത്തകളുടെ വംശത്തില്‍ പെട്ട സിന്ധ്യകള്‍ പിന്നീട് ബ്രിട്ടീഷ് രാജാവിന്റെ വിശ്വസ്തരായി ഗ്വാളിയോറിന്റെ അധികാരമേറ്റെടുത്തു.

നഗരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഉയരമേറിയ ഒരു മലമുകളിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്.  കോട്ടയുടെ കാഴ്ചപ്പാടില്‍ നഗരം വളര്‍ന്നുവന്നെന്ന് കരുതാനാണ് എനിക്കിഷ്ടം. പത്തിരുപത് മിനിറ്റ് നേരത്തെ കടുത്ത കയറ്റം കയറിയാണ്  ഞങ്ങളുടെ വാഹനം മലമുകളിലെത്തിയത്. പക്ഷേ കുറച്ചു യാത്രക്കാരെങ്കിലും നടന്നു കയറുന്നവരാണ്. കയറ്റത്തിനിടയില്‍ വലതുവശത്തായി പാറക്കെട്ടില്‍ കൊത്തിയെടുത്ത  ജൈനവിഗ്രഹങ്ങള്‍ കാണാം. അവയുടെ ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇടുങ്ങിയ കയറ്റത്തില്‍ വണ്ടി അനാവശ്യമായി നിര്‍ത്താന്‍ അനുവാദമില്ലാത്തതിനാല്‍ കാറിലിരുന്ന് കാണുക മാത്രമേ വഴിയുണ്ടായുള്ളൂ. പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഇവ എണ്ണത്തില്‍ നൂറോളമുണ്ടത്രെ.  57 അടിയോളം ഉയരം വരുന്ന ഇവയിലൊരു ശില്‍പം  ഉത്തരേന്ത്യയിലെ തന്നെ ബൃഹത്തായ ജൈനവിഗ്രഹങ്ങളില്‍ ഒന്നാണ്.

കോട്ടക്ക് പുറത്തെ പാര്‍കിങ് ഏരിയയില്‍ എത്തിയപ്പോള്‍ നേരം മൂന്നാവാറായിരിക്കുന്നു. വയര്‍ എരിപൊരി പൊരിയാന്‍ തുടങ്ങി. പെട്ടിക്കടയില്‍ നിന്ന് ഒരു കുപ്പി വെള്ളവും ഒരു പാക്കറ്റ് നംകീനും വാങ്ങി ഞങ്ങള്‍ കോട്ടയ്ക്ക് പുറത്തുള്ള ഒരു മണ്ഡപത്തിലേയ്ക്ക് ചെന്നു. അവിടെയിരുന്ന് ഞങ്ങള്‍ പൊതിഞ്ഞുകൊണ്ടുവന്നിരുന്ന ബിരിയാണി കഴിക്കാന്‍ തുടങ്ങി. മിക്സ്ചര്‍ ബിരിയാണിയില്‍ ചേര്‍ത്ത് തിന്നാന്‍ നല്ല സ്വാദുണ്ടായിരുന്നു. ചെക്കനും ആ ഭക്ഷണം ഇഷ്ടപ്പെട്ടു. കേരളത്തിലേതില്‍ നിന്ന് വിഭിന്നമായി വടക്കേയിന്ത്യന്‍ മിക്സ്ചറുകള്‍ക്ക് ബഹുരുചികളാണ്.

1-DSC00274

ഭക്ഷണശേഷം ഞങ്ങള്‍ നഗരകാഴ്ചകളിലേയ്ക്ക് തിരിഞ്ഞു. കോട്ടയില്‍ നിന്ന് നോക്കിയാല്‍ ഗ്വാളിയര്‍ നഗരം മുഴുവനായും കാണാം. ഒറ്റയടിക്ക് എല്ലാ ഭാഗവും കാണാനാവില്ലെന്ന് മാത്രം. കോട്ടയുടെ ചില ഭാഗങ്ങള്‍ തെറ്റില്ലാത്ത ആത്മഹത്യാമുനമ്പുകളാണ്. അവിടെ നിന്നുള്ള കാഴ്ച മനോഹരവുമാണ്.

1-DSC01840

1-DSC01838

ദൂരെ ഒരിടത്തുകൂടി ഒരു തീവണ്ടി ധൃതിയില്‍ ഇഴഞ്ഞുപോയി. മറ്റൊരു ദിശയില്‍ ഗ്വാളിയോറിലെ രൂപ് സിങ് സ്റ്റേഡിയം കാണാമായിരുന്നു. അവിടെ വെച്ചാണ് സച്ചിന്‍ തന്റെ ഇരട്ട സെഞ്ച്വറി കുറിച്ചത്. പച്ചപ്പുനിറഞ്ഞ ഒരു തടാകം കൂടിയുണ്ടെങ്കില്‍ ഗ്വാളിയോര്‍ കൂടുതല്‍ മനോഹരിയാവുമായിരുന്നു. രാത്രിയായിരുന്നെങ്കില്‍ തിളങ്ങിനില്‍ക്കുന്ന നഗരക്കാഴ്ചകള്‍ കൂടുതല്‍ മനോഹരമായിരിക്കുമെന്ന് ഞാനോര്‍ത്തു.പഴനിയിലെ മലമുകളില്‍ താഴെ തിളങ്ങുന്ന നഗരഭംഗി നോക്കി രാത്രികളില്‍ നിന്നത് എനിക്കപ്പോള്‍ ഓര്‍മ വന്നു.

(അവയില്‍ ചില ഓര്‍മകള്‍ ഇവിടെ: പഴനി: മലമുകളിലെ അമ്പലം.)

1508 ല്‍ തൊമാര്‍ വംശജനായ മാന്‍സിങിനു വേണ്ടി നിര്‍മിച്ചകൊട്ടാരമാണ് ഗ്വാളിയോര്‍ കിലയിലെ പ്രധാന ആകര്‍ഷണം.

1-DSC01821

1-DSC01842

കൊട്ടാരത്തിന്റെ ചുവരുകളിലെ നീലനിറം ശരിക്കും മനോഹരമായിരുന്നു. ഇവ ചൈനീസ് ചിത്രകാരന്മാര്‍ ഒരുക്കിയതാണ്. ധാരാളം ഇടനാഴികളും രഹസ്യമുറികളും നൃത്തമഡപങ്ങളും കിളിവാതിലുകളും ഇരുട്ടും വെളിച്ചവും വളഞ്ഞുചുറ്റിയിറങ്ങുന്ന കോണിപ്പടികളും. ആനകളും സിംഹങ്ങളും കിളികളും പുറംചുവരിന്റെ ഭംഗി കൂട്ടുന്നു.

1-DSC00289-001

വലിയൊരു രാവണന്‍ കോട്ട. ഇതിനിടയിലേക്ക് അടിത്തട്ടിലെ മുറികളിലേയ്ക്ക് എവിടെ നിന്നോ വെളിച്ചം പതുങ്ങിയെത്തുന്നു. അരണ്ട വെളിച്ചത്തില്‍ വട്ടംചുറ്റിയിറങ്ങുന്ന കോണിപ്പടികള്‍ ശരിക്കും ബുദ്ധിമുട്ടിച്ചു.  പതിനാറാം നൂറ്റാണ്ടില്‍ മുഗളര്‍ ഈ കോട്ട പിടിച്ചെടുക്കുകയും കൊട്ടാരം ഒരു ജയിലായി ഉപയോഗിക്കുകയും ചെയ്തുവെന്നത്  കൌതുകമാണ്. അക്ബര്‍ തന്റെ ബന്ധുവായ കമ്രാനെ തടവിലിട്ട് വധിച്ചത് ഇവിടെയായിരുന്നു. തന്റെ ജ്യേഷ്ഠനായ മുറാദിനെയും ദാരാ ശിക്കോവിന്റെ മക്കളെയും വധിക്കാനായി ഔറംഗസീബ് കണ്ടെത്തിയ ഇടവും  ഈ കോട്ട തന്നെ.

ഈ കൊട്ടാരത്തിനു പിന്നിലായി പരന്നു കിടക്കുന്ന കോട്ടയുടെ മറ്റൊരു ഭാഗത്ത് ധാരാളം പഴയ കൊട്ടാരങ്ങളുണ്ട്. പത്തുരൂപയുടെ മറ്റൊരു റ്റിക്കറ്റെടുത്ത് ഞങ്ങള്‍ അവിടേയ്ക്ക് കടന്നു. കൂടുതല്‍ ഭംഗിയുള്ളതും അപകടകാരിയായ പടവുകളുമാണവിടെ.  കുറേ ദൂരം നടന്നപ്പോഴേയ്ക്കും ഞങ്ങള്‍ ശരിക്കും ക്ഷീണിച്ചിരുന്നു. മുഴുവന്‍ കാണാന്‍ നില്‍ക്കാതെ കൂട്ടുകാര്‍ അവിടവിടെ ഇരുന്നു. എനിക്ക് കുറേ ദൂരം കൂടി പോവണമെന്ന് വാശി.  പക്ഷേ കോട്ടയുടെ പിന്‍ഭാഗത്തേയ്ക് എത്തുന്തോറും ഉപേക്ഷിക്കപ്പെട്ട ഒരു ചേരിയില്‍ കൂടി  നടക്കുന്ന പോലെ. ഗ്രാമീണരോ തൊഴിലാളികളോ ആരൊക്കെയോ പലഭാഗത്തും കൂടി നില്‍ക്കുന്നു. എനിക്ക് ചെറിയ ഭയം തോന്നി.

1-DSC01856

1-DSC01855

നാലുമണി വരെ മാത്രമേ കോട്ടയ്ക്കുള്ളിലേയ്ക്ക്  പ്രവേശനം അനുവദിച്ചിട്ടുള്ളൂ. നാലര മണിവരെ മാത്രമേ സന്ദര്‍ശകര്‍ക്ക് ഉള്ളില്‍ ചെലവഴിക്കാന്‍ അനുവാദമുള്ളൂ. ഉദ്യോഗസ്ഥര്‍ വിസിലും വിളിച്ച് സന്ദര്‍ശകരോട് സമയം കഴിഞ്ഞെന്ന് പറയാന്‍ തുടങ്ങി.

ഞങ്ങളുടെ തൊട്ടടുത്ത് ഒരു സര്‍ദാര്‍ കുടുംബമുണ്ടായിരുന്നു. അതിലെ ഏഴോ എട്ടോ വയസായ കുട്ടിക്ക് പെട്ടെന്ന് സംശയം.

എന്താണ് നമ്മളോട് പോവാന്‍ പറയുന്നത് ?

സര്‍ദാര്‍ ശാന്തനായി മറുപടി കൊടുത്തു. സന്ധ്യ കഴിഞ്ഞാല്‍ ദോ നമ്പര്‍ കാ കാം ഉള്ള ആള്‍ക്കാര് ഇവിടെ ഒക്കെ വരാന്‍ തുടങ്ങും. പല പ്രശ്നങ്ങളൊക്കെ ഉണ്ടാക്കും, ആകെ കുഴപ്പമാവും. അതൊക്കെ ഒഴിവാക്കാനാണ് എല്ലാവരെയും ഇവിടെ നിന്നും പറഞ്ഞയക്കുന്നത്.

അപ്പൊ കൊച്ചിന്റെ അടുത്ത സംശയം. എന്താണീ ദോ നമ്പര്‍ കാ കാം?

ഉടനെ ശാന്തതയോടെ സര്‍ദാര്‍ പറയുകയാണ്.

കള്ള് കുടിക്കുക, സിഗരറ്റ് വലിക്കുക, ആണുങ്ങളും പെണ്ണുങ്ങളും കൂടി അവടെയും ഇവടെയും ഒക്കെ ഇരുന്ന് അതുമിതും കാട്ടുക ഇദൊക്കെത്തന്നെ 🙂

യാത്ര തുടരുന്നു.

Advertisements
Comments
 1. shoji says:

  നന്നായി എഴുതിയിരിക്കുന്നു .. തുടരുക

  • arun says:

   തുടരണം ഷോജി.
   അടുത്ത ആഴ്ചയാവട്ടെ അടുത്ത ഭാഗം

 2. shibu thovala says:

  അരുൺ… പതിവുപോലെ ആകർഷകമായി എഴുതിയിരിയ്ക്കുന്നു… ചിത്രങ്ങൾ എല്ലാം വളരെ മനോഹരം….. ഗ്വാളിയോറിന്റെ കാണാക്കാഴ്ചകളിലേയ്ക്ക് വായനക്കാർക്ക് മനസ്സുകൊണ്ടുള്ള ഒരു യാത്രയ്ക്കുള്ള അവസരം തന്നെയാണ് അരുൺ ഇവിടെ ഒരുക്കിയിരിയ്ക്കുന്നത്…. യാത്ര തുടരട്ടെ….. എല്ലാവിധ ആസംസകളും…… ഷിബു തോവാള.

  • arun says:

   കമന്റിന് നന്ദി എന്നല്ല, പെരുത്ത് നന്ദി ഷിബു. നമ്മുടെ എഴുത്ത് നെല്ലാണോ പതിരാണോ എന്നറിയണമെങ്കില്‍ വായനക്കാരന്റെ അഭിപ്രായം കൂടി അറിയണ്ടേ !!

   ഇഷ്ടമല്ലാത്ത സംഗതി ചൂണ്ടിക്കാട്ടാനും ഒരിക്കലും മറക്കല്ലേ 🙂

 3. Anonymous says:

  Gwalioril aayittu 25 varsham aakaaraayi. Pakshe Gwalior ithra sundaram aanennu ippol aanu arinjathu. Nanni.

 4. […] ← വടക്കോട്ടൊരു യാത്ര – 2 കൊട്ടാരവും ക… 21/07/2013 · 11:16 pm ↓ Jump to Comments […]

 5. Anonymous says:

  ആദ്യം ആണ് താങ്കളുടെ ബ്ലോഗ്‌ കാണുന്നത് .,. നന്നായി എഴുതിയിരിക്കുന്നു തുടരുക

 6. ഇപ്പഴാണ് ഇത് കാണുന്നത്. നന്നായിരിയ്ക്കുന്നു

 7. Anonymous says:

  arunettaaaaa…………….nannaayindallo…………….ammakke vayich kodutth kondirikkya……..oru guoliyor trip kazinja pole……

 8. harikrishnan.p.v says:

  mukalil kanunna anonymous thankalude ee pawam aliyan aanu kettoooo
  …………..

 9. […] 2) കൊട്ടാരവും കോട്ടയും മറ്റു ചിലരും  […]

 10. താര അജിത് കുമാർ says:

  ഇങ്ങനൊരു കാര്യം ഉള്ളത് അറിയാൻ വൈകിപ്പോയി. അറിഞ്ഞില്ല താങ്കളൊരു എഴുത്തുകാരൻ കൂടിയാണെന്ന്

ഇനി നിങ്ങള്‍ പറയൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s