വടക്കോട്ടൊരു യാത്ര – 3 രാജസ്ഥാനിലെ ഒരു വെയില്‍നേരം

Posted: 21/07/2013 in Daily notes, Literature, Travelouge
Tags: , , , , ,

2013 തുടക്കത്തില്‍ വടക്കേ ഇന്ത്യയിലെ മധ്യപ്രദേശിലെയും ചില സ്ഥലങ്ങളില്‍ നടത്തിയ യാത്രയുടെ ഓര്‍മപുതുക്കല്‍. ആദ്യ രണ്ട് ഭാഗങ്ങള്‍ വായിക്കാന്‍ താഴെക്കാണിച്ച ഇടങ്ങളില്‍ ചെല്ലുക.

വടക്കോട്ടൊരു യാത്ര -1
വടക്കോട്ടൊരു യാത്ര – 2. കൊട്ടാരവും കോട്ടയും മറ്റു ചിലരും

യാത്രയ്ക്കിടയിലെ ഒരു ഞായറാഴ്ച രാവിലെ ആറുമണിയായപ്പോള്‍ ഗ്വാളിയറില്‍ നിന്ന് ഏതാണ്ട് എണ്ണൂറ് കിലോമീറ്ററോളം അകലെ ഉദയ്‌‌പൂരില്‍ ചെന്ന് ഞങ്ങള്‍ തീവണ്ടിയിറങ്ങി. ഞങ്ങള്‍ക്കായി വിനോദും സരിതയും ഒരുക്കിയ ഒരു സ്പെഷ്യല്‍ സര്‍പ്രൈസ് ! തലേദിവസം വൈകുന്നേരം നാലുമണി മുതല്‍ തുടങ്ങിയ യാത്ര അങ്ങനെ രാജസ്ഥാനിലെ മരുഭൂമിയില്‍ ചെന്നാണ് അവസാനിച്ചത്. വണ്ടിയിറങ്ങിയതും ഞാന്‍ പാളിനോക്കിയത് ഒട്ടകങ്ങളെ കാണാനാവുമോ എന്നായിരുന്നു.

DSC00370

പക്ഷേ ഉദയ്‌‌പൂര്‍ ഒരു ടൂറിസ്റ്റ് സെന്ററാണ്. വലിയൊരു നഗരവും. ചെന്നിറങ്ങിയ ഉടന്‍ തന്നെ ഞങ്ങള്‍ക്കത് മനസ്സിലാവുകയും ചെയ്തു. റെയില്‍വേ കവാടത്തില്‍ തന്നെ ടാക്സിക്കാരും ഹോട്ടല്‍ ബ്രോക്കര്‍മാരുമടങ്ങുന്ന സംഘം തടിച്ചുകൂടി നില്‍ക്കുന്നു. ടൂറിസ്റ്റ് കൗണ്ടര്‍ തുറന്നിട്ടില്ല. മസാലച്ചായ മൊത്തിക്കുടിച്ചും കൈകള്‍ കൂട്ടിത്തിരുമ്മിയും ഞങ്ങള്‍ തണുപ്പിനോട് തല്ലുകൂടി. പരിചയമുള്ള ഏതോ നമ്പറില്‍ വിളിച്ച് ഞങ്ങള്‍ ഇന്നത്തേയ്ക്ക് ഒരു വണ്ടി ബുക് ചെയ്തിരുന്നു. രണ്ടുമൂന്ന് ഫോണ്‍ കാളുകള്‍ക്ക് ശേഷം വണ്ടി എട്ടുമണിക്ക് എത്തുമെന്നറിഞ്ഞു.

ആശയും സരിതയും സ്റ്റേഷന്‍ വെയ്റ്റിങ് റൂമില്‍ കാത്തിരിക്കുമ്പോള്‍ ഞാനും മോനും വിനോദും കൂടി മെല്ലെ ഒന്ന് ചുറ്റിനടക്കാനായി സ്റ്റേഷനു പുറത്തേക്കിറങ്ങി. നല്ല മഞ്ഞും തണുപ്പും. പുറത്തേയ്ക്കിറങ്ങി ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോള്‍ത്തന്നെ എന്റെ മരുഭൂമി സങ്കല്‍പം അപ്രത്യക്ഷമാവുകയും ഒരു നഗരം അവിടെ കുടിയേറുകയും ചെയ്തു. സ്റ്റേഷനു മുന്നിലുള്ള റോഡില്‍ വലിയ തിരക്കൊന്നും തോന്നിയില്ല. അലക്ഷ്യമായി അല്‍പദൂരം നടക്കാനായിരുന്നു എന്റെ ഉദ്ദേശം. ഉണര്‍ന്നുവരുന്ന ഒരു നഗരത്തെ കണ്ട്, തുറക്കാന്‍ തുടങ്ങുന്ന ഒരു ചായക്കടയില്‍ കയറി ചായ കുടിച്ച്, ചെക്കനുവേണ്ടി ക്രീം നിറച്ച ഒരു കാപ്പി കിട്ടുമെങ്കില്‍ വാങ്ങിച്ച്,  വായില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന പുക കണ്ട് രസിക്കാനായി ചിരിച്ചും വര്‍തമാനം പറഞ്ഞും വെറുതേ ഒരു നടത്തം. സൈക്കിള്‍ യാത്രക്കാര്‍ തണുപ്പിനെ ചെറുക്കാന്‍ ഒരു വലിയ പുതപ്പുകൊണ്ട് മുഖമടക്കം പൊതിഞ്ഞിരിക്കുന്നു. കഥകളിലൊക്കെ കേട്ടിട്ടുള്ള ഏതോ മധ്യേഷ്യന്‍ വേഷങ്ങളാണതെന്ന് തോന്നി. വഴിയരികില്‍ ഒരു ചെറിയ കുട്ടി അപ്പിയിട്ട് നിറക്കുന്നു.  ഒരു ചെങ്കണ്ണി തിത്തിരി എന്നെ വരവേല്‍ക്കാനായി വഴിയരികില്‍ നിന്നിരുന്നു. ചായ കുടിച്ച് സ്റ്റേഷനിലേയ്ക്ക് തിരികെ വരുമ്പോഴേയ്ക്ക് നാലുവയസ്സുകാരന്റെ നയതന്ത്രപരമായ കാലുവേദന ആരംഭിച്ചുതുടങ്ങിയിരുന്നു. വിനോദിന്റെ ചുമലില്‍ കയറി അവന്‍ ഒരു സൗജന്യയാത്ര തരപ്പെടുത്താന്‍ തുടങ്ങി.

ഏഴരമണിയായപ്പോള്‍ വല്ലതും കഴിക്കാമെന്ന് തീരുമാനിച്ച് ഞങ്ങള്‍ സ്റ്റേഷനിലെ ഭക്ഷണശാലയില്‍ ചെന്നു. വെജിറ്റബിള്‍ ‌‌കട്‌‌ലറ്റും ഓംലറ്റും മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. വലുപ്പം കൂടിയ കട്‌‌ലറ്റ് വിശപ്പടക്കാന്‍ തികച്ചും മതിയായവയാണ്. സോസ് ചേര്‍ത്ത് ഞങ്ങളത് കഴിച്ചു. ഓംലറ്റും കാപ്പിയും ചായയും അകമ്പടിക്കായി ഉണ്ടായിരുന്നു. ഒരു പകല്‍ മാത്രമാണ് ഞങ്ങള്‍ക്കീ നഗരത്തില്‍  ചെലവഴിക്കാനുള്ളത്. അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട ചില ഭാഗങ്ങളേ കാണാനാവൂ എന്ന ബോധ്യത്തോടെയാണ് യാത്ര തുടങ്ങിയതും. നഗരത്തില്‍കൂടി അല്‍പം ചെന്നപ്പോള്‍ത്തന്നെ ഈ നഗരം നിറഞ്ഞത് മണല്‍ക്കുന്നുകള്‍ കൊണ്ടല്ല, തെളിവെള്ളം കൊണ്ടാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി. തടാകങ്ങളുടെ നഗരമെന്നാണ് ഉദയ്‌‌പൂര്‍ അറിയപ്പെടുന്നതത്രെ. ഒട്ടകക്കൂട്ടങ്ങളെ കാണാമെന്ന ആശയും അതോടെ മണല്‍ക്കൂനകളെന്നതുപോലെ മാഞ്ഞുപോയി.

DSC00362

ആദ്യം തന്നെ ഞങ്ങള്‍ ചെന്നത് മഹാറാണാ പ്രതാപ് സ്മാരകത്തിലേയ്ക്കാണ്. ഫത്തേ സാഗര്‍ തടാകത്തിന്റെ സമീപത്തെ മോത്തി മഗ്രി എന്ന കുന്നിന്‍ മുകളിലാണ് ഇത് നിലകൊള്ളുന്നത്. മേവാറിലെ രാജാവായ പ്രതാപസിംഹന്‍ പ്രശസ്തനാവുന്നത് മുഗളനായ അക്ബറുമായി നടത്തിയ യുദ്ധത്തില്‍ കൂടെയാണ്. അക്ബറിന് കപ്പം കൊടുക്കാന്‍ കൂട്ടാക്കാതെ നിരന്തരം പോരാടുകയും മേവാറിനെ മുഗള്‍ മേല്‍ക്കോയ്മയില്‍ നിന്ന് രക്ഷിച്ചെടുക്കുകയും ചെയ്ത ഈ രജപുത്രരാജാവ് അക്ബറിനെ ചക്രവര്‍തിയായല്ല, വെറുമൊരു തുര്‍ക്കിക്കാരന്‍ മാത്രമായാണ് കണ്ടിരുന്നതത്രെ. അതെന്തായാലും പില്‍ക്കാലത്ത് ഔറംഗസീബും ശിവാജിയും തമ്മില്‍ നടന്ന യുദ്ധത്തിന്റെ മുന്‍ഗാമിയായിരുന്നു അക്ബര്‍-റാണാ യുദ്ധമെന്നാണ് ചിലരുടെയെങ്കിലും അഭിപ്രായം.

1-DSC00380

1-DSC01878

റാണാപ്രതാപിനെ പറ്റി കേട്ടിട്ടില്ലാത്ത കാലത്തും രാജാവിന്റെ പ്രിയപ്പെട്ട സ്കൂട്ടറായ ചേതകിനെപ്പറ്റി ഞങ്ങള്‍ കേട്ടിരുന്നു. അതൊരു കുതിരയുടെ പേരായിരുന്നെന്ന്  അറിയാന്‍ അല്പം വൈകിപ്പോയി.  വെണ്ണക്കല്ലുപാകിയ അടിത്തറയില്‍ ആള്‍വലുപ്പത്തില്‍ ചേതകിന്റെ പുറത്തിരിക്കുന്ന റാണാ പ്രതാപസിംഹന്റെ  ഒരു ചെമ്പു പ്രതിമയാണ് ഇവിടത്തെ പ്രധാന കാഴ്ചവസ്തു. പ്രതിമയുടെ ഇരുവശവും റാണയുടെ യുദ്ധജീവിതത്തിലെ രണ്ട് പ്രധാനസംഭവങ്ങള്‍, ഹല്‍ദിഘട്ടിലെ യുദ്ധവും ചേതകിന്റെ മരണവും കൊത്തിവെച്ചിരിക്കുന്നു. മഞ്ഞും തണുപ്പും മാറിവരുന്നേ ഉള്ളൂവെങ്കിലും റാണാപ്രതാപന്റെ പ്രതിമയ്ക്ക് ഒപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ സന്ദര്‍ശകരുടെ തിരക്കായിരുന്നു. അക്കൂട്ടത്തില്‍ ഞങ്ങളും ചേര്‍ന്നു. സ്മാരകത്തിനു ചുറ്റും മരങ്ങള്‍ കൊണ്ട് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനുള്ള ഇടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കോണ്‍ക്രീറ്റ് മേല്‍ക്കൂരകളായി മാറിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ഉദയ്‌‌പൂരിലെ ആകാശത്തിന് മനോഹരമായ നീലനിറമാണ്. ചുറ്റുപാടുമുള്ള കുന്നിന്‍ ചരിവുകളും തടാകങ്ങളും ആ നീലനിറത്തെ കൂടുതല്‍ സുന്ദരമാക്കുകയാണ് ചെയ്യുന്നത്.  വെള്ളയും മഞ്ഞയും ചുവപ്പും പിങ്കും ഇളം നീലയും നിറം തിളങ്ങുന്ന ഒരുപാട് പൂച്ചെടികളാണ് സ്മാരകത്തിനു ചുറ്റും. പച്ചപ്പു നിറഞ്ഞ, അഴകുള്ള പരിസരം. ചില ഭാഗങ്ങള്‍  വള്ളികളും മരങ്ങളും നിറഞ്ഞ് ചെറിയ കാവുകളെ അനുസ്മരിക്കുന്നു.  ചെറിയൊരു കൃത്രിമജലാശയത്തിനു പിന്നിലാണ് റാണാപ്രതിമ. അല്‍പം താഴെ പീരങ്കിക്കരികില്‍ വാളും  കുന്തവും പിടിച്ചുനിക്കുന്ന മറ്റൊരു താടിക്കാരന്റെ പ്രതിമയുമുണ്ട്.

DSC01890

പക്ഷേ അവിടവിടെ ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് കൂടുകള്‍ മനം മടുപ്പിക്കുന്നു.  തണുപ്പാണെങ്കിലും പക്ഷികളും ഇരതേടി വന്നെത്തിയിരിക്കുന്നു. എന്റെ പഴയ കൂട്ടുകാരനായ കല്‍മണ്ണാത്തി ഇണയോടൊപ്പം അവിടെയുണ്ട്. അവന്റെ കുണുങ്ങിച്ചാട്ടവും കരിങ്കറുപ്പും ചന്തിച്ചുവപ്പും നാട്ടിലെ ഇടനാടന്‍ കുന്നുകളില്‍ വെച്ചാണ് ഞാന്‍ മുമ്പ് കണ്ടിട്ടുള്ളത്. മഞ്ഞയും കറുപ്പും വെളുപ്പും നിറമുള്ള, അയോറയോട് സാമ്യമുള്ള മറ്റൊരു കിളി കൂടി നിലത്ത് ചിക്കിപ്പെറുക്കി നടക്കുന്നു.

DSC01912

തടാകത്തിനു നടുവില്‍ തിളങ്ങിനില്‍ക്കുന്ന കെട്ടിടങ്ങളാണ് റോഡ് യാത്രയില്‍ നമ്മളെ ആകര്‍ഷിക്കുന്നുണ്ട്. സഞ്ചാരികള്‍ക്കായി ബോട്ടുകള്‍  ജലാശയത്തില്‍ കൂടിയുള്ള യാത്രയ്ക്കൊരുങ്ങിനില്‍ക്കുന്നു. കുതിരകള്‍ സവാരിയ്ക്കായി കാത്തിരിക്കുന്നു, അതും പോരെങ്കില്‍ രാജസ്ഥാനല്ലേ, മണലാരണ്യമല്ലേ, മരുഭൂമിയിലെ കപ്പലല്ലേ, ഞാനില്ലെങ്കില്‍ മോശമല്ലേ എന്ന ഭാവത്തോടെ ഒരു, അതെ ഒറ്റൊരു ഒട്ടകവും. സത്യം പറഞ്ഞാല്‍ രാജസ്ഥാനില്‍ വെച്ച് ഞാന്‍ ആകെക്കണ്ട ഒട്ടകം 🙂 തടാകക്കരയില്‍ നിന്ന് തിരിഞ്ഞ്  ചെറിയൊരു ഒരു കുന്നിന്റെ പള്ളയില്‍ കൂടി വണ്ടി ഓടിക്കൊണ്ടിരിക്കെ ഇവിടെയൊരു റോപ്പ് വേ സര്‍വീസ് ഉണ്ടെന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ വണ്ടി ഒതുക്കിനിര്‍ത്താന്‍ പറഞ്ഞു. അല്‍പമകലെയുള്ള കുന്നിന്‍ മുകളിലെ അമ്പലത്തിലേയ്ക്കായിരുന്നു യാത്ര. ഒന്നും നോക്കാതെ ടിക്കറ്റെടുത്ത് ഞങ്ങള്‍ കേബിള്‍ കാറിന്റെ ക്യൂവില്‍ ചെന്നുനിന്നു.

DSC01959

ചുവന്ന നിറത്തിലുള്ള മൂന്ന് ക്യാബിനുകളാണ് ഓരോ വശത്തേക്കും യാത്ര ചെയ്തിരുന്നത്. ഒരു ക്യാബിനില്‍ നാലോ അഞ്ചോ പേര്‍ക്ക് കയറാം. ഇരുമ്പുകമ്പിയുടെ മുകളില്‍ തൂങ്ങിക്കിടന്നുള്ള യാത്രയ്ക്ക് അതിന്റേതായ ഭംഗിയുണ്ട്. ആടിക്കളിക്കുന്ന ക്യാബിനിലിരുന്ന് വേണമെങ്കില്‍ ഒന്ന് ഭയപ്പെടാം. നാലുവശവും വലിയ ചില്ലുജനാലകള്‍ ആയതിനാല്‍ അതിനൊപ്പം തന്നെ നഗരഭംഗി ആസ്വദിക്കുകയും ചെയ്യാം.

DSC01943

കുന്നിന്‍മുകളിലുള്ള ഏതോ ഒരു ദേവീക്ഷേത്രത്തിലേയ്ക്കാണ് യാത്രയെങ്കിലും അതിന്റെ പ്രധാന ഉദ്ദേശം നഗരക്കാഴ്ചകള്‍ തന്നെയാണ്.  അഞ്ചുമിനിറ്റില്‍ താഴെ സമയമേ ഈ യാത്രയ്ക്ക് എടുക്കുന്നുള്ളൂ.  ഒരു സെറ്റ് ക്യാബിനുകള്‍ അങ്ങോട്ട് പോവുമ്പോള്‍ കമ്പിയില്‍ തൂങ്ങിക്കിടക്കുന്ന മറ്റോരു കൂട്ടം ഇങ്ങോട്ട് വരുന്നു. അമ്പലത്തിലേയ്ക്കുള്ള പടിക്കെട്ടുകള്‍ അങ്ങ് താഴെ മറ്റൊരു ഭാഗത്തായി കാണാം.

1-DSC01957

1-DSC01927

1-DSC01922

1-DSC01918

കേബിള്‍ കാറിലിരുന്ന് എടുത്ത ചില ചിത്രങ്ങള്‍.

കേബിള്‍ കാര്‍ സ്റ്റേഷനില്‍ നിന്നും അമ്പലത്തിലേയ്ക്ക് പോവുന്ന വഴി രാജസ്ഥാനി ഉടുപ്പുകളണിഞ്ഞ ഫോട്ടോ എടുത്തുകൊടുക്കുന്ന ഒരിടമുണ്ട്. ഞങ്ങളവിടെ എത്തിയപ്പോള്‍ ഒരു വടക്കേയിന്ത്യന്‍ ദുര്‍മേദസ്വിനി ചമയത്തിരക്കിലാണ്. കുട്ടികളുടെയടക്കം പലരുടെയും മനോഹരങ്ങളായ പലപല ഫോട്ടോകളവിടെ പരസ്യത്തിനുവെച്ചിരിക്കുന്നു. ഫോട്ടോ എടുത്തതിനുശേഷം അമ്പലത്തില്‍ പോയി വരുമ്പോഴേയ്ക്ക് പ്രിന്റ് റെഡി എന്നാണ് വ്യവസ്ഥ. ഒരു ഫോട്ടോയ്ക്ക് 150 രൂപ ചാര്‍ജും. ചില നേരത്ത് മനസ്സില്‍ ലഡ്ഡു പൊട്ടുന്നത് നമുക്ക് നിയന്ത്രിക്കാന്‍ കഴിയുകയേയില്ല. അങ്ങനെ മുത്തുമാലകളും തലപ്പാവും അരവാളുമേന്തിയ മേവാര്‍ രാജകുമാരന്‍  ദിലീപസിംഹന്‍ ഞങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ ആ കള്ളന്മാര്‍ ഞങ്ങളുടെ ക്യാമറയില്‍ ഫോട്ടോ എടുക്കാന്‍ സമ്മതിച്ചതേയില്ല.

chekkans

ചുവന്നനിറമുള്ള അനാകര്‍ഷകമായ ഒരു കാളീചിത്രമൊഴിച്ചാല്‍ കാര്യമായി ഒരു ചുക്കുമില്ലാത്ത ക്ഷേത്രം ഒന്നു നോക്കിത്തിരിഞ്ഞതിനുശേഷം ഞങ്ങള്‍ മലമുകളിലുള്ള ഒരു ഹോട്ടലില്‍ നിന്നും ഐസ്‌‌ക്രീം വാങ്ങി നുണയാന്‍ തുടങ്ങി. തിരിച്ചുപോരുന്നതിനുള്ള കേബിള്‍ കാറിനായി കാത്തിരുന്നു

ഉദയ്‌‌പൂര്‍ കൊട്ടാരത്തിലേയ്ക്ക് യാത്ര തുടരുന്നു.

Advertisements
Comments
 1. sajeev says:

  നന്നായി എഴുതിയിരിക്കുന്നു തുടരുക

  • arun says:

   സജീവേ, അടുത്ത ഞായറാഴ്ച അടുത്ത ഭാഗം പോസ്റ്റ് ചെയ്യാം. വായിക്കാനെത്തുമല്ലോ !

 2. Anonymous says:

  Nice and enchanting details through out.

 3. മൂന്ന് ഭാഗങ്ങളും വായിച്ചു. നന്നായിട്ടുണ്ട് യാത്ര.

 4. യാത്രകള്‍ തുടരുക, എഴുതുക

  ആശംസകള്‍

 5. harikrishnan.p.v says:

  3 part um vaayichu……….weitng 4 the next………….cngrts………..

 6. […] 3) രാജസ്ഥാനിലെ ഒരു വെയിൽ നേരം  […]

 7. Anonymous says:

  കഴിഞ്ഞ ആഴ്ച ഇവിടം ഒന്നു ചുറ്റിക്കറങ്ങിയിരുന്നു.

 8. താര അജിത്കുമാർ says:

  എഴുത്ത് നിർത്ത ണ്ട: നന്നായിട്ടുണ്ട്

ഇനി നിങ്ങള്‍ പറയൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s