Archive for the ‘Uncategorized’ Category

ആലിയ മഗ്ദ എല്‍മഹ്ദി എന്ന ഈജിപ്ഷ്യന്‍ വിദ്യാര്‍ഥി കഴിഞ്ഞ ഒക്റ്റോബര്‍ 23 ന് സ്വന്തം നഗ്നചിത്രവും ഒരു പുരുഷന്റെ നഗ്നചിത്രവും ഉള്‍പ്പെടെ കുറച്ചു ചിത്രങ്ങള്‍ തന്റെ  http://arebelsdiary.blogspot.com/ ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചു, ഇതിനകം 3305492 ആള്‍ക്കാര്‍ ഈ പേജ് സന്ദര്‍ശിച്ചുകഴിഞ്ഞു, നൂട്രിനോയേക്കാള്‍ വേഗത്തിലാണ് ഹിറ്റ് കൗണ്ടര്‍ ഓടുന്നത് എന്നു തോന്നുന്നു ! വിപ്ലവാനന്തര ഈജിപ്റ്റില്‍ ആവിഷ്കാരസ്വാതന്ത്ര്യം  ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ആലിയ ഇങ്ങനെ ചെയ്തതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.എന്തായാലും സംഗതി വന്‍വിവാദത്തിലേയ്ക്കും ജനശ്രദ്ധയിലേയ്ക്കും നീങ്ങുകയാണ്

അലിയയുടെ നടപടി മലയാള ബ്ലോഗുലകത്തിലും ചര്‍ച്ചയായിട്ടുണ്ട്. ഹരീഷ് മടിയന്‍ ആലിയയെ അഭിനന്ദിച്ച് എഴുതിയ ബസ്സില്‍ നിന്നാണ് ഈ ബ്ലോഗിനെപ്പറ്റി ഞാനറിയുന്നത്. പിന്നീട് ബെര്‍ളിയാവട്ടെ  നഗ്നതയുടെ ബുദ്ധിജീവി പരിപ്രേക്ഷ്യങ്ങള്‍ എന്ന പോസ്റ്റില്‍ ആ ബ്ലോഗിനെ വിപ്ലവത്തിനുള്ള ആഹ്വാനമായി കണ്ടവരെ കാര്യമായി പരിഹസിക്കുകയും ചെയ്തു. എന്തായാലും  ആണിനെയും അവന്‍ തെളിക്കുന്ന സമൂഹത്തിനെയും എന്നും മോഹിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന സ്ത്രീനഗ്നത വീണ്ടും ഇന്നാട്ടില്‍ അതിന്റെ ശക്തി തെളിയിച്ചിരിക്കുന്നു.

ഗുരുതരമായ പ്രശ്നങ്ങളിലേയ്ക്ക് ശ്രദ്ധയാകര്‍ഷിക്കാന്‍ നഗ്നതയും ലൈംഗികതയും പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യത്തെ സംഭവമൊന്നുമല്ല. ആലിയ അത്തരത്തില്‍ ചെയ്യുന്ന ആദ്യത്തെ ആളുമല്ല. രോമക്കുപ്പായങ്ങളേക്കാള്‍ ഞാന്‍ ഇഷ്ടപെടുന്നത് നഗ്നതയാണ് എന്ന് പറയുന്ന  PETA യുടെ പോസ്റ്ററുകള്‍  അതിനുദാഹരണമാണ്. ആ പോസ്റ്ററുകളും ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. പട്ടാളത്തിന്റെ കരിനിയമങ്ങള്‍ കൊണ്ട് മടുത്ത് ഇന്ത്യന്‍ ആര്‍മി, റേപ് അസ് എന്ന ബാനറേന്തി , നഗ്നരായി പട്ടാളക്യാമ്പിലേയ്ക്ക് ചെന്ന മണിപ്പൂരി സ്ത്രീകള്‍ നഗ്നതയുടെ മറ്റൊരു മുഖമാണ് കാട്ടിത്തന്നത്. തന്റെ പുസ്തകങ്ങളുടെ പിന്‍ചട്ടയില്‍ അര്‍ധനഗ്നയായി പ്രത്യക്ഷപ്പെടുന്ന കോലബൂഫ് ആവട്ടെ ആരോ അടിച്ചേല്‍പിച്ച വസ്ത്രധാരണരീതിയെ മറികടന്ന് സ്വന്തം സ്വത്വത്തെ ഓര്‍മിക്കുന്നതിനാണ് അതുപയോഗിച്ചത്.

ഇവിടെ ഒരു സ്ത്രീ തന്റെ സ്വയം തന്റെ നഗ്നത വെളിവാക്കുമ്പോള്‍ പലരും അസ്വസ്ഥരാവും. ചിലര്‍ അതുകാണാനുള്ള കൊതിയോടെ ഒളിഞ്ഞുനോക്കും. വളരെക്കുറച്ചുപേരെങ്കിലും അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കും. ഈജിപ്റ്റിലെ ഇന്നത്തെ സാഹചര്യത്തില്‍, പ്രത്യേകിച്ചും മതാധിപത്യത്തിന് കളം ഏതാണ്ട് ഒരുങ്ങിയിരിക്കേ ആലിയ ധൈര്യസമേതം ചെയ്ത നടപടിയെ ഞാനും അഭിനന്ദിക്കുന്നു. മതം  അതിന്റെ പഴകി ദ്രവിച്ച കുപ്പായങ്ങള്‍ എടുത്ത് ഉടുത്തോ എന്നു പറഞ്ഞ് നീട്ടുമ്പോള്‍ ഇതിലും ഭേദം ഞാന്‍ തുണിയില്ലാതെ നടക്കുന്നതാണ് എന്നു കാര്‍ക്കിച്ചു തുപ്പുന്നവരെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ !

എങ്കില്‍ നീയും നിന്റെ കെട്ട്യോളും കൂടി ഇങ്ങനെ ചെയ്യടാ എന്നു പറയുന്നവരോട് എനിക്കു മറുപടി ഒന്നേയുള്ളൂ. എനിക്കതിനു ധൈര്യമില്ല :(.  അതിനു മാത്രമല്ല, ഉരുളുന്ന ടാങ്കുകള്‍ക്ക് മുന്നില്‍ പതറാതെ നില്‍ക്കുന്ന ചൈനാക്കാരന്‍ യുവാവ് ആവാനും എനിക്ക് ധൈര്യമില്ല.

സംസ്ഥാനസര്‍കാര്‍ വൈദുതിയുടെ കേന്ദ്രവിഹിതത്തില്‍ നിന്നുള്ള ഇടിവും ചതവും കാരണമാണെന്ന് തോന്നുന്നു ,  നിവൃത്തിയില്ലാതെ ഒരു നല്ല കാര്യം ചെയ്തു. കേരളത്തില്‍ ഏറെക്കാലത്തിനു ശേഷം  അരമണിക്കൂര്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തി. ഈ തീരുമാനത്തെ ഞാന്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണ്. കേരളത്തിലെ ഭൂരിഭാഗം  ജനങ്ങളും അമിതവൈദ്യുതി മൂലമുണ്ടാകുന്ന അജീര്‍ണത്തിന്റെ പിടിയിലാണെന്ന സത്യം നാം  അറിഞ്ഞിട്ടുപോലുമില്ല.

ലോഡ് ഷെഡ്ഡിങ് എന്നു വെച്ചാല്‍ മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് നിശ്ചിത സമയം  കറന്റ് ഇല്ലാതിരിക്കുക എന്നാണല്ലോ ഉദ്ദേശിക്കുന്നത് . മുമ്പാണെങ്കില്‍ , അന്നത് സര്‍വ സാധാരണവുമായിരുന്നു, ഒരു ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ ആ അര മണിക്കൂര്‍ നമ്മള്‍ കഴിച്ചുകൂട്ടിയിരുന്നു. ഇപ്പോള്‍ അതിന്റെ സ്ഥാനം എമര്‍ജന്‍സി ലൈറ്റുകള്‍ എറ്റെടുത്തെന്ന് മാത്രം . പ്രൈം ടൈമുകളില്‍ ടെലിവിഷന്റെ മുന്നില്‍ തപസ്സിരിക്കുന്ന കുടുംബാംഗങ്ങളെ അല്‍പസമയത്തേക്കെങ്കിലും  ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍, സൈബര്‍ ലോകത്ത് വിഹരിക്കുന്ന കുട്ടികള്‍ക്ക് ഭൂലോകം  ബാക്കിയുണ്ടെന്ന് മനസ്സിലാക്കി കൊടുക്കാന്‍ ഒരു വെളിച്ചത്തിന്റെ മുന്നില്‍ കുടുംബത്തെ ഒന്നിച്ചു ചേര്‍ക്കാന്‍ അരമണികൂര്‍ ലോഡ് ഷെഡ്ഡിങ്ങിനു കഴിയുമെങ്കില്‍ അതൊരു നല്ല കാര്യമാണ്.

രാത്രിയെ അതിന്റെ ഇരുട്ടിന്റെ തനിമ അധികമൊന്നും  മാറാതെ കാണാന്‍ ഒരവസരം . ഈ അവസരം മുതലാക്കുന്നവരുടെ കൂട്ടത്തില്‍ മുന്‍ നിരയില്‍ തന്നെ പിടിച്ചുപറിക്കാരും സാമൂഹ്യ ദ്രോഹികളും ഉണ്ടാവുമെന്ന് ഞാന്‍ മറന്നിട്ടില്ല. പക്ഷേ ഏതൊരു സാഹചര്യത്തിലും  അത്തരക്കാര്‍ വളരുക തന്നെ ചെയ്യും. അവരെ നേരിടാന്‍ നാം  മറ്റു വഴി തേടെണ്ടി വരും .

ഇതൊക്കെ പറഞ്ജെന്ന് വെച്ച് ഞാന്‍ ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന ഇരുപതു മണിക്കൂര്‍ കറന്റില്ലായ്മയെ സ്വാഗതം  ചെയ്യുന്നു എന്ന് വിചാരിക്കരുത്. ഞാന്‍ ഉമ്മാന്‍ ചാണ്ടിയുടെ നയങ്ങളുടെ ആരാധകനാണെന്നും കരുതണ്ട. പട്ടിണി ഒരു ശാപം തന്നെയാണ്. എന്നു വെച്ച് ഡയറ്റിങ് ആരും  ശാപമായി കണക്കാക്കാറില്ലല്ലോ.

കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതം പൂര്‍ണ അളവില്‍ കിട്ടിയാലും അരമണിക്കൂര്‍ എര്‍ത്ത് അവര്‍ ആചരിക്കാനുള്ള ഈ തീരുമാനം  മാറ്റരുതെന്ന് അധികാരികളോട് അപേക്ഷിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

അനാഥന്‍ എത്ര ഭാഗ്യവാനാണ് !

അവന്റെ പേരിന്റെയൊപ്പം സഹതാപത്തിന്റെ നേര്‍ത്ത ഒരു ചുവ നമ്മുടെ നാക്കിലെപ്പൊഴുമൂറുന്നുണ്ട്.  അച്ഛനാരാ അമ്മയാരാ എന്ന ചോദ്യങ്ങള്‍ വിടാതെ പിന്തുടരുന്നുണ്ടെങ്കിലും  ആ വാക്ക് ഇന്നുമൊരു തെറിയായി മാറിയിട്ടില്ല.  YOU ORPHAN എന്ന് അവന്റെ വംശവൃക്ഷത്തിന്റെ തായ് വേരില്‍ അധികമാരും ആഞ്ഞുകൊത്തില്ല. അനാഥച്ചെക്കന്‍ എന്ന് നമ്മുടെ നാവില്‍ നിറയുന്ന പുച്ഛം ഒരു സഹതാപത്തിന്റെ മുന്നോടിയാവാറാണ് പതിവ്.

എടാ തന്തയില്ലാത്തവനേ

നീയിതൊക്കെക്കേട്ട് ലജ്ജിക്കണം. ഒന്നുമില്ലെങ്കില്‍ നിനക്ക് ചൂണ്ടിക്കാട്ടാന്‍ ഒരു അമ്മയുണ്ടല്ലോ . ഒരു അനാഥനോളം മോശക്കാരനല്ല നീ.

തന്തയില്ലാത്തവനല്ല അവന്‍, കന്യക പെറ്റ പുത്രന്‍ അല്ലെങ്കില്‍ സഹജമായ യൗവനപ്പൂളപ്പില്‍ നിന്നുണ്ടായ വീര്യവാന്‍. എങ്കിലും ഇന്ന് ലോകത്തെ മേല്‍ക്കിടത്തെറികളിലൊന്ന്. അവന് മണ്ണിനടിയില്‍ തായ് വേരുകള്‍ മാത്രമേയുള്ളൂ. അവന്റെ വംശത്തില്‍ തായ് വഴികളേയുള്ളൂ. അവന് തായ് ഒരു സത്യവും തന്ത ഒരു ചോദ്യവുമാണ്. എല്ലാ അപേക്ഷാഫോറങ്ങളിലും അവന് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളൂണ്ട് .

തന്ത നമുക്ക് വെറുമൊരു തന്ത മാത്രമല്ല. നമ്മുടെ അന്നദാതാവ് കൂടിയാണ് അയാള്‍. നമുക്കാവശ്യമായ വിഭവങ്ങളാല്‍ നമ്മെ ലാളിക്കുന്ന ഒരാള്‍. കൂടുതല്‍ കൂടുതല്‍ മുതിരുന്തോറും നമുക്ക് തീര്‍ത്തും ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തു. നാം തെറ്റാതെ പാലിക്കുന്ന ഒരു (അ)ക്രമം . അതിന്റെ മാനദണ്ഡം .

കാര്യങ്ങള്‍ അങ്ങനെയായിരിക്കെ തന്തയില്ലാത്തവന്‍ എന്ന ലേബല്‍ ഒരു അപമാനമല്ലാതെ മറ്റെന്താവാന്‍ ?

എങ്കിലും സ്ത്രീകള്‍ ലൈംഗികതയുടെ അധികാരികളായിരിക്കുകയും യോജിച്ച പുരുഷന്മാരെ സ്വയം തെരഞ്ഞെടുത്ത് യഥേഷ്ടം ജീവിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ഇത്തരം  പിതൃശൂന്യപരാമര്‍ശങ്ങള്‍ക്ക് എന്താണ് വില ?