Archive for the ‘Travelouge’ Category

കേരളത്തിൽ കാണപ്പെടുന്ന വെള്ളരിക്കൊറ്റികളിൽ സർവസാധാരണമായ ഒരു പക്ഷിയാണ് ചിന്നമുണ്ടി ( Little Egret ). ഇവയുടെ ശാസ്ത്രനാമം Egretta garzetta garzetta എന്നാണ്. 

DSC03798

  • തൂവെള്ള നിറത്തിലുള്ള ഈ പക്ഷിയുടെ കൊക്ക് എക്കാലത്തും കറുപ്പുനിറവും കാൽവിരലുകൾ മ‍ഞ്ഞനിറവും ആയിരിക്കും. ഈ ലക്ഷണങ്ങൾ തന്നെയാണ് ഇവയെ തിരിച്ചറിയാനുപകരിക്കുക.

നാട്ടുകാരും അയൽവാസികളും ലോഗ്യക്കാരും അതിലധികം അലോഹ്യക്കാരും ഉൾപ്പെട്ട അമ്പതോളം പേർക്കൊപ്പം രണ്ട് മുഴുവൻ ദിവസത്തേക്ക് കുടുംബസഹിതം ഒരു യാത്ര ഉണ്ടാവുമെന്ന് ഞാൻ കരുതിയിരുന്നില്ല. പക്ഷേ  പ്രധാനസംഘാടകൻ നല്ലൊരു മനുഷ്യനും അതിലധികം എന്റെ ഒരു സുഹൃത്തുമായതിനാൽ ആ യാത്ര ഒഴിവാക്കാനും മനസ്സുവന്നില്ല. അങ്ങിനെ ചെറിയൊരു യാത്രാക്കുറിപ്പ് എഴുതാനുള്ള അവസരം വന്നു.

DSC00585

ബുധനാഴ്ച രാത്രി ആരംഭിക്കുന്ന യാത്രയിൽ  മൂന്നാർ, മറയൂർ, പഴനി, മലമ്പുഴ എന്നീ സ്ഥലങ്ങളിലൊക്കെ ചെന്ന് വെള്ളിയാഴ്ച രാത്രിയോടെ തിരിച്ചെത്തുന്ന പദ്ധതിയായിരുന്നു ആദ്യം ഒരുക്കിയത്. ഭക്ഷണം വഴിയിൽ വെച്ച് ഉണ്ടാക്കിക്കഴിക്കുക എന്നത് രസകരമാവുമെന്ന് തോന്നി. പക്ഷേ എല്ലാം കൂടി ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ നടക്കുമെന്ന് മാത്രം മനസ്സിലായില്ല. രണ്ട് അവധിദിവസങ്ങൾ ചെലവഴിക്കാൻ കൂടുതൽ നല്ല വഴിയൊന്നും ഇല്ലാത്തതിനാൽ ഏത് യാത്രയ്കും അതിന്റെ രസമുണ്ടെന്ന് ഞാൻ സമാധാനിച്ചു. പക്ഷേ ബുധനാഴ്ച രാത്രി ബസ്സിൽ കയറാൻ ചെന്നപ്പോൾ യാത്രാ ഷെഡ്യൂൾ ആകെ തലതിരിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ആദ്യം പഴനിയിലേയ്ക്കാണ് പോവുന്നതെന്നും.

ഇടയ്കൊരു കാര്യം. പഴനിയെപ്പറ്റിയുള്ള വിശദമായ ഒരു യാത്രാക്കുറിപ്പ് എന്റെ ഈ ബ്ലോഗ് പോസ്റ്റിൽ ഇട്ടിട്ടുണ്ട്. അതുകൊണ്ട് ഇവിടെ ഞാനധികം വലിച്ചുനീട്ടുന്നില്ല.

രാവിലെ 3.30 ഓടു കൂടിയാണ് ഞങ്ങൾ പഴനിയിലെത്തിയത്.   കുളിച്ച് വസ്ത്രം മാറാനും മറ്റുമായി ഒരു ലോഡ്ജിൽ നാലഞ്ച് മുറികൾ മൂന്നാലുമണിക്കൂർ നേരത്തേയ്ക്ക് എടുക്കേണ്ടിവന്നു.  യാത്രാംഗങ്ങളിൽ പകുതിയിലധികം സ്ത്രീകളായതിനാൽ ഒരുക്കതിന് ഒരുപാട് സമയം വേണ്ടിവന്നു.  സമയം കളയാതെ ഓരോരുത്തരായി വേഗം മലകയറ്റം തുടങ്ങി. ഭയങ്കര തെരക്കാണെന്ന് തോന്നി. മലമുകളിലാവട്ടെ വളഞ്ഞുപുളഞ്ഞ് നിൽക്കുന്ന ക്യൂ. പതിവുപോലെ നൂറു രൂപയുടെ രണ്ട് ടിക്കടെടുത്ത് ദർശനം കഴിച്ചുവന്നു. കാവടിക്കാരുടെ തിരക്ക് അസഹ്യമായിത്തോന്നി.  വിശക്കാനും തുടങ്ങിയിരുന്നു. ഞങ്ങളുടെ പ്രാതൽ താഴെ ബസ്സിനടുത്ത് തയ്യാറായിരിക്കുമെന്ന് അറിയാമെങ്കിലും മലമുകളിലെ കാന്റീനിൽ ചെന്ന് ഇഡ്ഡലിയും ചായയും കഴിച്ച് വിശപ്പടക്കി.  ചായക്കോപ്പ ഇത്തവണ അവർ ശരിക്കും ചെറുതാക്കിയിട്ടുണ്ട്. കുരങ്ങന്മാരുടെ കളികളും കാവടിക്കാരുടെ ആട്ടങ്ങളൂം നോക്കി മലമുകളിലിരിക്കുമ്പോൾ സംഘാംഗങ്ങൾ പലരും ക്യൂവിൽ നിൽക്കുന്നത് കണ്ടു. തിരിച്ചെറക്കം വിഞ്ച് വഴി ആവാമെന്ന് എനിക്ക് തോന്നി. കുട്ടിക്കും അതൊരു രസികൻ അനുഭവമാവും. മൂന്നുകൊല്ലം മുമ്പ് നടന്ന യാത്ര അവൻ പറ്റേ മറന്നിരിക്കുന്നു. പത്തുരൂപയുടെ രണ്ട് ടിക്കറ്റുകളെടുത്ത് ഞങ്ങളതിൽ കയറി. കുത്തനെയുള്ള ഇറക്കം, അതും പിന്തിരിഞ്ഞ് ഇറങ്ങുന്ന ആ യാത്ര അവനു നല്ല ഇഷ്ടമായി.

തിരികെ ബസ്സിനടുത്ത് എത്തിയപ്പോൾ ആടുമില്ല, പൂടയുമില്ല എന്ന അവസ്ഥ.  ഭക്ഷണം ഉണ്ടാക്കാൻ ആളെ വെച്ചിരുന്നുവെന്നൊക്കെ പറഞ്ഞുകേട്ടിരുന്നല്ലോ എന്ന് വെറുതേ വിചാരിച്ചു.  വെയിൽ ശരിക്കും ചൂടായിത്തുടങ്ങി. ബസ്സിലിരിക്കാൻ വയ്യ.  നേരത്തേ തന്നെ മടങ്ങിവന്ന ചിലരെയും കൂട്ടി അവിടെയൊക്കെ ഒന്നു ചുറ്റിക്കറങ്ങി. ടൂറിസ്റ്റ് ബസുകൾക്ക് വേണ്ടിയുള്ള സ്റ്റാൻഡിന്റെ സമീപമായതിനാൽ ആവണം ഈ ഭാഗത്ത് ഹോട്ടലുകളും കൂൾ ബാറുകളും അല്ലറ ചില്ലറ തെരുവുഷോപ്പിങ് അവസരങ്ങളുമാണ് നിറയെ. പൊള്ളച്ച തടിയൻ പൂരികൾ റോഡരികിലിരുന്ന് വലിയ ചീനച്ചട്ടികളിൽ ചുട്ടെടുക്കുകയാണ്. ഒരു ഇളനീരിന് വില മുപ്പതുരൂപ.  പക്ഷേ ധാരാളം വെള്ളവും കഴമ്പും ഒക്കെ ഉള്ളവയാണ് ഇളനീരുകൾ.  കേരളത്തിൽ ഏതാണ്ട് വംശനാശം വന്ന ലിംക അവിടെ കണ്ടപ്പോൾ മുൻപരിചയം കാരണം ആദ്യം തന്നെ വിലചോദിച്ചു.  മുപ്പത്തഞ്ച് രൂപയുടെ കുപ്പിക്ക് നാല്പത് രൂപ. അധിക ചാർജ് തണുപ്പിക്കുന്നതിന്റെയാണത്രെ.  ഏതെടുത്താലും പത്തുരൂപ സൈസ് കടകളിൽ ചിലർ മേഞ്ഞുനടക്കുന്നു.

ഇങ്ങനെ അലഞ്ഞുനടക്കുന്നതിന്റെ ഇടയ്ക്കാണ് ബസിന്റെ പിന്നിൽ നിന്ന് ഗ്യാസുകുറ്റിയും സ്റ്റൗവും എടുത്ത് പ്രധാനപാചകൻ ജോലി തുടങ്ങുന്നത് ഞാൻ കണ്ടത്. രാവിലത്തേയ്കുള്ള ഇഡ്ഡലിയും അനുസാരികളും തലേന്ന് തന്നെ തയ്യാറാക്കിയിട്ടുണ്ടത്രെ. ചായകൂടി ഉണ്ടാക്കിയ ശേഷം പ്രാതൽ കഴിച്ച് ഉച്ചഭക്ഷണം മറ്റെവിടെയെങ്കിലും വെച്ചാവാം തയ്യാറാക്കലെന്ന് തീരുമാനിച്ച് വണ്ടിയിലേയ്ക് എല്ലാവരും കയറുന്നതിനു മുമ്പ് നെറ്റിയിലൂടെ വിയർപ്പെത്ര ഒഴുകി,  കാളപ്പുറത്ത് വെച്ച പെരുമ്പറകളുടെ അകമ്പടികളുള്ള കാവടി സംഘങ്ങളും കുതിരവണ്ടികളും തെരുവിലൂടെ  എത്ര നീങ്ങി എന്നൊന്നും ആരും ചോദിക്കരുത്. നുള്ളിപ്പെറുക്കിയ യാത്രാസമയത്തിൽ വലിയൊരുപങ്ക് ഈ ഭക്ഷണമുണ്ടാക്കൽ കാരണം നഷ്ടമാവുമെന്ന് മാത്രം ഞങ്ങൾക്ക് പെട്ടെന്ന് ബോധ്യമായി.

പഴനിയിൽ നിന്ന് മറയൂരിൽ എത്തുകയായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം.

ഇതിനിടയിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ളരൊരു സ്ഥലം അന്വേഷിച്ചപ്പോൾ വഴിയിൽ നിന്ന് അല്പം മാറി ഒരു അണക്കെട്ടുണ്ടെന്നും അവിടെ വെള്ളവും തണലും ഉണ്ടാവുമെന്നും ചിലർ പറഞ്ഞു. ഏഴ് കിലോമീറ്ററോളം വഴി തിരിഞ്ഞ് അമരാവതി അണക്കെട്ടിനു സമീപത്ത് ഞങ്ങളെത്തിയത് അങ്ങനെയായിരുന്നു. കടുത്ത വെയിൽ.  അണക്കെട്ടിനു മുന്നിലുള്ള കളിസ്ഥലങ്ങൾ ചുട്ടുപൊള്ളിക്കിടക്കുന്നു. പക്ഷേ സമീപത്ത് തെങ്ങിൻ തോട്ടങ്ങളും മാവിൻ തോട്ടങ്ങളും കാണാം. അതിലെല്ലാം സമൃദ്ധമായി വിളവും ഉണ്ട്.  ഒരു തോട്ടത്തിൽ കയറിയപ്പോൾ കണ്ട ഒരു അമ്മൂമ്മയോട്  ഞങ്ങൾ അവിടെ ഭക്ഷണമുണ്ടാക്കട്ടേ എന്ന് ചോദിച്ചു. ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അവർ അഞ്ഞൂറു രൂപ വേണമെന്ന് ആവശ്യപ്പെട്ടു. പേശിപ്പേശി ഒടുക്കം അവർക്ക് നൂറു രൂപ കൊടുക്കേണ്ടി വന്നു.  ആ തോട്ടത്തിന്റെ മേൽനോട്ടക്കാരിയാണെന്ന് തോന്നുന്നു. ഇടയ്ക് ഒരു തേങ്ങ വീണപ്പോഴേയ്കും ഓടിച്ചെന്നെടുത്ത് കളപ്പുരയിലേയ്ക്കിട്ടു അമ്മൂമ്മ. അവിടെ ഒരു പൈപ്പിൽ നിന്ന് ചാലിലേയ്ക് തുടർച്ചയായി വെള്ളം തുറന്നുവിട്ടിട്ടുണ്ട്. ഭക്ഷണമുണ്ടാക്കാൻ ഒരുപാട് സമയമെടുത്തു. തെങ്ങിൻ‌തോട്ടത്തിൽ പായയും വിരിച്ച് കിടപ്പായി പലരും.

അമരാവതി അണ

അമരാവതി അണക്കെട്ട് ഒരു ജലവൈദ്യുത പദ്ധതിയാണ്. നൂറിലധികം പടികൾ കയറി ഞങ്ങൾ അതിന്റെ മുകളിലേയ്ക് കയറി. വെള്ളം നന്നേ കുറവാണ്.  ഭയങ്കര ശക്തിയിൽ കാറ്റു വീശുന്നുണ്ടായിരുന്നു.  അണക്കെട്ടിനു മുകളിൽ നിന്നുള്ള കാഴ്ച പതിവുപോലെ മനോഹരമാണ്. പ്രത്യേകിച്ചും നാലുപാടും ഉയർന്നു നിൽക്കുന്ന മലനിരകൾ. കാറ്റത്ത് അണക്കെട്ടിലെ വെള്ളത്തിൽ ചെറിയ ചെറിയ തിരകൾ ഉയർന്നുകൊണ്ടിരുന്നു.  ഈ അണക്കെട്ടും പ്രദേശവും മുതലകളുടെ സംരക്ഷിതപ്രദേശങ്ങളിൽ ഒന്നാണെന്ന് പിന്നീടാണ് അറിഞ്ഞത്.  അത്ര കുറവല്ലാത്ത അളവിൽ ആളുകൾ ഇവിടേയ്ക് എത്തുന്നുണ്ട്. അണക്കെട്ടിനു മുന്നിൽ പറോട്ടയും മീൻവിഭവങ്ങളും കിട്ടുന്ന ഒരു കാന്റീനും കണ്ടു.  എം.ആർ.പി.യേക്കാൾ കൂടുതലാണ് ഇവിടെയും മിക്ക സാധനങ്ങളുടെയും വില്പനവില. കാറ്റ് കടുത്ത ശക്തിയിൽ അടിക്കുകയായിരുന്നു. ഉണങ്ങിവരണ്ട ഭൂമിയിലെ മണ്ണും പൊടിയും കലർന്ന പൊടിക്കാറ്റ്.

ഇന്ദിരാഗാന്ധി വന്യമൃഗസങ്കേതത്തിൽ കൂടി മറയൂരിലേയ്ക്ക് തുടർന്ന ഞങ്ങളുടെ യാത്ര വെറുതെയായില്ല.  ആദ്യം കണ്ടത് ഒരു ആൺമയിലിനെയാണ്. തുടർന്ന് ഒരു കാട്ടുകോഴിയെയും കണ്ടു. കുറച്ചുകൂടി പോയപ്പോൾ കാറുകൾ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധിച്ചു. ഊഹം തെറ്റിയില്ല. കാട്ടിൽ അത്ര ഉള്ളിലല്ലാതെ ഒരു കുട്ടികൾ ഒക്കെ പെടുന്ന ആനക്കൂട്ടം. കുട്ടികളടക്കം എല്ലാവർക്കും ആനയെക്കണ്ട സനന്തോഷം. ഉഷ്ണിച്ചുണങ്ങിക്കിടക്കുകയാണ് കാട്.  പക്ഷേ മെല്ലെമെല്ലെ സന്ധ്യയാവുകയാണ്. ചിന്നാറിലേയ്കുള്ള ചെക്പോസ്റ്റിനു സമീപമാവണം ബസ് കുറച്ചധികനേരം നിർത്തി. വാഹനങ്ങൾക്കു ചുറ്റും നാടൻ കുരങ്ങുകളുടെ ബഹളമാണ്. മനുഷ്യർ തമ്പടിച്ച ഇടങ്ങൾക്ക് സമീപം തന്നെ കുരങ്ങുകളും എത്തുന്നത് ഭക്ഷണലഭ്യത നോക്കിയാവണം. ഫോറസ്റ്റുകാരുടെ കൺവെട്ടത്തായതിനാൽ സുരക്ഷയും കൂടുതലായിരിക്കാം.  ചില സഹയാത്രികൽ കുരങ്ങുകൾക്ക് ബിസ്കറ്റോ മറ്റോ കൊടുത്തപ്പോൾ അവ കൂട്ടത്തോടെത്തന്നെ ബസിനു ചുറ്റും നിരന്നു. ബസ്സിനു മുകളിൽ ചാടിക്കയറിയും മറ്റും അവ ഞങ്ങളെ പേടിപ്പിച്ചു.  ചിന്നാറിൽ കൂടി യാത്ര തുടരവേ വഴിയരികിൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് നാലു കാട്ടുപോത്തുകൾ.  യാത്ര രസകരമായിത്തോന്നിയത് അപ്പോൾ മുതലാണ്.  കൽമണ്ണാത്തി ?, വേലിത്തത്ത, ശരപ്പക്ഷി, നാട്ടുബുൾബുൾ, ചെമ്പൻ മുള്ളൻ കോഴി, മഞ്ഞക്കിളി മുതലായ പക്ഷികളെയും യാത്രയ്കിടയിൽ കണ്ടു.

DSC00647

എന്നാൽ മെലിഞ്ഞു നീണ്ട മറ്റൊരു തരം കുരങ്ങിനെക്കൂടി ഞാൻ അവിടെ കണ്ടു. വെൺ‌ചാരത്തിന്റെ നിറമുള്ള അവയുടെ മുഖം കറ തീർന്ന കറുപ്പായിരുന്നു. നടക്കുമ്പോൾ വാൽ മനോഹരമാം വിധം ഉയർത്തിപ്പിടിച്ചു.  സത്യത്തിൽ ഹനുമാൻ കുരങ്ങുകളെ കാണാനായി ചിന്നാറിലും വയനാട്ടിലും പോകുന്നത് ഒരു ദയനീയതയാണ്. എന്റെ നാട്ടിൽ ഏറെയുണ്ടായിരുന്നു ഇവ. കാടുപിടിച്ച ഇടനാടൻ ചെങ്കൽക്കുന്നുകൾ. കൃഷിസ്ഥലങ്ങൾ കയ്യടക്കുന്ന കുരങ്ങുകൾ. മെല്ലെ മെല്ലെ മനുഷ്യർ നാടിന്റെ നിയന്ത്രണം കയ്യിലൊതുക്കി.  ഒറ്റപ്പെട്ട്, പരിഭ്രാന്തനായി, പിന്നിൽ ആർത്തുവിളിക്കുന്ന ജനക്കൂട്ടവുമായി നാടെങ്ങും പാഞ്ഞു നടന്ന അവശേഷിച്ച ചില ഹനുമാൻ കുരങ്ങുകൾ ഇപ്പോഴും എന്റെ കുട്ടിക്കാലത്തിന്റെ ഓർമയിൽ ബാക്കിയുണ്ട്.

ഒരുകൊല്ലം മുമ്പ് നടത്തിയ ചെറിയൊരു ഉത്തരേന്ത്യൻ യാത്രയ്കിടെ ഉദയ്‌പൂരിൽ നിന്നും വാങ്ങിയ രണ്ട് ചിത്രങ്ങൾ കഴിഞ്ഞ രണ്ടാഴ്ച മുമ്പ് വരെ വീട്ടിൽ പൊടിപിടിച്ച് ചുരുണ്ടിരുപ്പായിരുന്നു.  ആ കിടിലൻ യാത്ര കഴിഞ്ഞ് ഒരു കൊല്ലമാവാറായല്ലോ എന്ന് ഓർത്തപ്പോഴാണ് ഞങ്ങളാ ചിത്രങ്ങളെപ്പറ്റിയും ഓർത്തത്. ഇനിയും സമയം വൈകാതെ അത് ഫ്രെയിം ചെയ്യിക്കണമെന്ന കാര്യത്തിൽ പിന്നെ സംശയമൊന്നും തോന്നിയില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ച ആ ചിത്രങ്ങൾ രണ്ടും ഫ്രെയിം ചെയ്ത് കട്ടിൽ കിട്ടി.

Rajasthan Paintings

 

Rajasthan Paintings (1)

ആദ്യത്തേത് ഉദയ്‌പൂരിലെ വലിയൊരു രാജസ്ഥാനി ക്രാഫ്റ്റ് മ്യൂസിയത്തിൽ നിന്നും വാങ്ങിയതാണ്. നീലനിറമുള്ള നേർത്ത തുണിയിൽ വരച്ച ആ ചിത്രത്തിൽ വലിയൊരു രാജകീയ യാത്രയാണ് കാണിച്ചിരിക്കുന്നത്.  ആന ഭാഗ്യത്തെയും ഒട്ടകം സ്നേഹത്തെയും കുതിര കരുത്തിനെയും സൂചിപ്പിക്കുന്നവയാണത്രെ. വലിയ സ്ഥാപനമായതിനാൽ വിലപേശൽ ഒന്നും നടക്കാതെ ദുഃഖത്തോടെയാണ് ഞാൻ ആ ചിത്രം വാങ്ങിയത്

രണ്ടാമത്തെ ചിത്രം ഉദയ്‌പൂരിലെ ജഗദീഷ് മന്ദിറിന്റെ അടുത്തുള്ള ഒരു തെരുവുകച്ചവടക്കാരനിൽ നിന്നും വില പേശി വാങ്ങിയതാണ്. കറുത്തുനേർത്ത തുണിയിൽ വരച്ച ചിത്രത്തിൽ കൃഷ്ണനും ഗോപസ്ത്രീകളും ആണ് വിഷയം. വ്യക്തിപരമായി എനിക്ക് കൂടുതലിഷ്ടപ്പെട്ടത് രണ്ടാമത്തെ ചിത്രമാണ്.

ഒരു കൊല്ലം കഴിഞ്ഞിട്ടും എഴുതിത്തീരാത്ത യാത്രാവിവരണങ്ങൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്.  മുൻ ഭാഗങ്ങൾ താഴെയുള്ള ലിങ്കുകളിൽ ചെന്നാൽ വേണമെങ്കിൽ വായിക്കാം

1) വടക്കോട്ടൊരു യാത്ര 

2) കൊട്ടാരവും കോട്ടയും മറ്റു ചിലരും 

3) രാജസ്ഥാനിലെ ഒരു വെയിൽ നേരം 

4) രജപുത്രവീഥികൾ

5) നിരാശാഭരിതമായ ഡെൽഹി

 

ബാക്കി നിൽക്കുന്ന ഖജുരാഹോപർവം ഉടൻ എഴുതാൻ പറ്റുമെന്ന് കരുതുന്നു 😀

ഉദയ്‌പൂരിൽ നിന്നുള്ള യാത്രയ്ക്കൊടുവിൽ ഒരു തിങ്കളാഴ്ച രാവിലെ ന്യൂഡൽഹി റയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങിയപ്പോൾ ഞങ്ങളുടെ സംഘത്തിലെ മൂന്നുപേരും ശരിക്കുറക്കം കിട്ടാത്ത അവസ്ഥയിലായിരുന്നു. കാരണം കൂർക്കംവലി. കുടവയറന്മാരും മധ്യവയസ്കരുമായ രണ്ട് സഹയാത്രികർ കൂർക്കംവലികൊണ്ട് ഒരു രാത്രി മുഴുവൻ ഉഴുതുമറിച്ചുകളഞ്ഞിരുന്നു. ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ നിയന്ത്രണംവിട്ട് ഒരാൾ അവരെ കഠിനമായി ചീത്തപറയുക കൂടി ചെയ്തു. പക്ഷേ സുഖകരമായി ഉറങ്ങുന്ന ആ മാന്യദേഹങ്ങൾ ഇടയിലേതോ സ്റ്റേഷനിൽ നിന്ന് കയറി  ശബ്ദമുണ്ടാക്കിയ വിദ്യാർഥികളെ ഉറക്കം നഷ്ടപ്പെടുത്തിയതിന് ശാസിക്കുന്നതിനൊഴികെ മറ്റൊരു കാര്യത്തിനും കൂർക്കംവലിക്ക് ഒഴിവു നൽകിയില്ലെന്നു മാത്രം. നാലു ബർതുകളിൽ ഒരെണ്ണം മറ്റുള്ളവയിൽ നിന്നും അല്പം മാറിയിട്ടായിരുന്നു. അവിടെക്കിടന്ന് ശരിക്കുറങ്ങിയ ഞാൻ ഇക്കഥയൊക്കെ അറിഞ്ഞത് രാവിലെയാണ്.

DSC00593

ഇടിക്കുമോ ???

(more…)

2013 തുടക്കത്തില്‍ വടക്കേ ഇന്ത്യയിലെ മധ്യപ്രദേശിലെയും ചില സ്ഥലങ്ങളില്‍ നടത്തിയ യാത്രയുടെ ഓര്‍മപുതുക്കല്‍. ആദ്യ മൂന്ന് ഭാഗങ്ങള്‍ വായിക്കാന്‍ താഴെക്കാണിച്ച ഇടങ്ങളില്‍ ചെല്ലുക.

1) വടക്കോട്ടൊരു യാത്ര 

2) കൊട്ടാരവും കോട്ടയും മറ്റു ചിലരും 

3) രാജസ്ഥാനിലെ ഒരു വെയിൽ നേരം 

മേവാര്‍ പ്രദേശങ്ങൾ ഭരിച്ചിരുന്ന രജപുത്രരാജാവായ മഹാറാണാ ഉദയ്‌സിങ് പതിനാറാം നൂറ്റാണ്ടിലെപ്പോഴോ തന്റെ ആസ്ഥാനം ചിത്തോഡില്‍ നിന്നും ദൂരെയുള്ള ഉദയ്‌‌പൂരിലേയ്ക്ക് മാറ്റുവാന്‍ നിശ്ചയിച്ചു. മുഗളനായ അക്‌ബര്‍ ചിത്തോഡിനെ ആക്രമിച്ചിരുന്ന കാലമായിരുന്നു അത്.  അങ്ങനെ മലനിരകളുടെയും തടാകങ്ങളുടെയും കാടുകളുടെയും സുരക്ഷിതത്വത്തിൽ  ഉദയ്‌‌പൂർ ശിശോധിയ രജപുത്രരുടെ ആസ്ഥാനമായി മാറി.  ഇന്ന് ഉദയ്‌‌പൂരിലെത്തുന്ന ഓരോ സഞ്ചാരിയേയും ആകര്‍ഷിക്കുന്ന സിറ്റി പാലസിന്റെ നിര്‍മാണം 1559 ല്‍ റാണാ ഉദയ്‌സിങ് തന്നെയാണ് തുടങ്ങിയത്. ഉദയ്‌‌സിങിനെ തുടര്‍ന്ന് റാണാപ്രതാപ് ഭരണാധികാരിയായി. പിന്നീട് മൂന്നു നൂറ്റാണ്ടോളം സിറ്റി പാലസില്‍ നീണ്ടുനിന്ന വിപുലീകരണത്തിന്റെ ഫലം മാര്‍ബിളിൽ തീര്‍ത്ത ബൃഹത്തായ മനോഹാരിതയായിരുന്നു.

(more…)